മേഘാലയയിൽ ഭരണ പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടി. ഭരണകക്ഷിയായ എൻപിപിയുടെ രണ്ട് എംഎൽഎമാരും പ്രതിപക്ഷ പാർട്ടിയായ ടിഎംസിയിലെ ഒരാളും നിയമസഭയിൽ നിന്നും രാജിവെച്ചു. അവർ അതത് പാർട്ടികളുടെ അംഗത്വവും രാജിവച്ചതായി വൃത്തങ്ങൾ അറിയിച്ചു.
എൻപിപി നിയമസഭാംഗങ്ങളായ ഫെർലിൻ സാങ്മ, ബെനഡിക് മാരക്, ടിഎംസിയുടെ എച്ച്എം ഷാങ്പ്ലിയാങ് എന്നിവരാണ് സ്പീക്കർ മെത്ബ ലിംഗ്ദോയ്ക്ക് രാജി സമർപ്പിച്ചത്.
നിയമസഭാ കമ്മീഷണറും സെക്രട്ടറിയുമായ ആൻഡ്രൂ സൈമൺസ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തമാസം ഇരുനേടാക്കളും ബിജെപിയിൽ ചേർന്നേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. അടുത്ത വർഷം ആദ്യം മേഘാലയയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
അതേസമയം, ഈ നീക്കത്തെ സ്വാഗതം ചെയ്ത് ബിജെപിയും എത്തിയിരുന്നു. ‘സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരേയൊരു പാർട്ടി ബിജെപിയാണെന്ന് അവർ മനസ്സിലാക്കി’ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.