Friday
19 December 2025
19.8 C
Kerala
HomeKeralaനായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാര്‍ കേരള പൊലീസിന്റെ K9 സ്‌ക്വാഡിന്റെ ഭാഗമാകുന്നു

നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാര്‍ കേരള പൊലീസിന്റെ K9 സ്‌ക്വാഡിന്റെ ഭാഗമാകുന്നു

കേസന്വേഷണത്തില്‍ പൊലീസിന് കൂട്ടാളികളാണ് എന്നും നായ്ക്കള്‍. കേരള പൊലീസിനും അന്വേഷണത്തില്‍ സഹായികളായി മിടുക്ക് തെളിയിച്ച നിരവധി നായകളുണ്ട്. ‘ജാക്ക് റസ്സല്‍ ടെറിയര്‍’ എന്ന നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാര്‍ ഇനി കേരള പൊലീസിന്റെ K9 സ്‌ക്വാഡിന്റെ ഭാഗമാകും. കേരള പൊലീസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തിരിക്കുഞ്ഞന്മാരെ സ്‌ക്വാഡിലേക്ക് തെരഞ്ഞെടുത്ത വിവരം അറിയിച്ചത്.

‘പാട്രണ്‍’ എന്ന ജാക്ക് റസ്സല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായ ഈയടുത്തകാലത്ത് ലോകശ്രദ്ധ നേടിയിരുന്നു. യുക്രൈനില്‍ ആക്രമണം തുടങ്ങിയ ശേഷം റഷ്യ നിക്ഷേപിച്ച 200 ലധികം സ്‌ഫോടകവസ്തുക്കള്‍ ‘പാട്രണ്‍’ കണ്ടെത്തുകയും ഉക്രൈന്‍ സേനയ്ക്ക് അവയെ നിര്‍വീര്യമാക്കി നിരവധിപേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയും ചെയ്തു.

ജാക്ക് റസ്സല്‍ ടെറിയര്‍ നായ്ക്കള്‍ക്ക് ഗന്ധം തിരിച്ചറിയുന്നതിനുള്ള പ്രത്യേക കഴിവുള്ളതിനാല്‍ ഇവയെ മികച്ച എക്‌സ്‌പ്ലോസീവ് സ്‌നിഫര്‍ നായ്ക്കളായി ഉപയോഗിക്കുന്നു. നിര്‍ഭയരും ഊര്‍ജ്ജസ്വലരുമാണിവര്‍. ശാരീരികമായി വലിപ്പം കുറവായതിനാല്‍ ഇടുങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കാനും സ്‌ഫോടക വസ്തുക്കള്‍, നിരോധിത ലഹരിവസ്തുക്കള്‍ തുടങ്ങിയവ കണ്ടെത്താനും ഇവയ്ക്ക് എളുപ്പം കഴിയുന്നു.

നാല് ‘ജാക്ക് റസ്സല്‍ ടെറിയര്‍’ നായകള്‍ ഇന്ന് കേരള പൊലീസിന്റെ K9 സ്‌ക്വാഡില്‍ ചേരുകയാണ്. ഈ ഇനം നായകളുടെ ആയുസ്സ്, 13 മുതല്‍ 16 വര്‍ഷം വരെ ആണെങ്കിലും K9 സ്‌ക്വാഡില്‍ ഇവയെ 12 വര്‍ഷം വരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. മൂന്ന് ജര്‍മ്മന്‍ ഷെപ്പേഡ് നായ്ക്കളെ ഉള്‍പ്പെടുത്തി 1959 ലാണ് തിരുവനന്തപുരത്ത് ആദ്യമായി കേരള പൊലീസ് ഡോഗ് സ്‌ക്വാഡ് ആരംഭിച്ചത്. ജാക്ക് റസ്സല്‍ ടെറിയര്‍ നായകള്‍ ഇന്ന് സ്‌ക്വാഡിന്റെ ഭാഗമാകുമ്പോള്‍ ഇന്ത്യന്‍/വിദേശ ബ്രീഡുകള്‍ ഉള്‍പ്പെടെ K9 സ്‌ക്വാഡിലെ മൊത്തം ബ്രീഡുകളുടെ എണ്ണം പത്തായി മാറും.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡോഗ് സ്‌ക്വാഡുകളില്‍ ഒന്നായ K9 സ്‌ക്വാഡിന് 19 പൊലീസ് ജില്ലകളിലും മികച്ച പരിശീലനം ലഭിച്ച നായ്ക്കളും ഹാന്‍ഡ്‌ലര്‍മാരുമുണ്ട്. 2008 ല്‍ തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ SDTS (സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്‌കൂള്‍) ലാണ് നായകള്‍ക്കും ഹാന്‍ഡ്‌ലര്‍മാര്‍ക്കും അടിസ്ഥാന പരിശീലനം, റിഫ്രഷര്‍ കോഴ്‌സുകള്‍ തുടങ്ങിയവ നല്‍കിവരുന്നത്.

RELATED ARTICLES

Most Popular

Recent Comments