വിഴിഞ്ഞത്ത്‌ കലാപമുണ്ടാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്‌ എം വി ഗോവിന്ദൻ

0
42

വിഴിഞ്ഞത്ത്‌ കലാപമുണ്ടാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സമരസമിതി ഭാരവാഹിതന്നെ പൊലീസ്‌ സ്‌റ്റേഷൻ കത്തിക്കുമെന്ന്‌ പ്രഖ്യാപിക്കുന്നതിന്റെ ശബ്ദരേഖകൾ പുറത്തുവന്നിട്ടുണ്ട്‌. കേട്ടുകേൾവിയില്ലാത്ത ആക്രമണമാണ്‌ വിഴിഞ്ഞത്ത്‌ നടത്തിയത്‌. പൊലീസ്‌ സ്‌റ്റേഷൻ ആക്രമിക്കുക, പൊലീസുകാരെ ആക്രമിച്ച്‌ മൃതപ്രായരാക്കിയശേഷം ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കാതിരിക്കുക.

കലാപശ്രമത്തിൽ ആർക്കെല്ലാമാണ്‌ പങ്ക്‌ എന്ന്‌ മാധ്യമങ്ങൾ അന്വേഷിച്ച്‌ കണ്ടെത്തണം. വിഴിഞ്ഞത്തെ കലാപഭൂമിയാക്കുന്നത്‌ തടയാൻ പൊലീസ്‌ കാണിച്ച ആത്‌മസംയമനത്തെ പ്രശംസിച്ചേ മതിയാകൂ. വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കണമെന്നാണ്‌ സർവകക്ഷി യോഗ തീരുമാനം. സമര സമിതിയുമായി എപ്പോഴും ചർച്ചയ്‌ക്ക്‌ സർക്കാർ സന്നദ്ധമാണ്‌. ഇതിനകംതന്നെ നിരവധി ചർച്ച നടത്തിയിട്ടുണ്ട്‌.

80 ശതമാനം നിർമാണം പൂർത്തിയായ പദ്ധതി ഉപേക്ഷിക്കണമെന്നതൊഴികെയുള്ള മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്‌. മത്സ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യവും അംഗീകരിച്ചു. എന്നിട്ടും സമരം തുടരുന്നത്‌ എന്തിന്‌ വേണ്ടിയാണെന്ന്‌ കണ്ടെത്തണം. കേരളത്തെ വർഗീയ കലാപത്തിലേക്ക്‌ തള്ളിവിടാൻ അനുവദിക്കുമെന്ന്‌ കരുതേണ്ടെന്നും എം വി ഗോവിന്ദൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി പറഞ്ഞു.