ഇറാനിലെ ഹിജാബ് പ്രതിഷേധം; മരണപ്പെട്ടവരുടെ കണക്ക് ആദ്യമായി പുറത്തുവിട്ട് ഇറാൻ

0
79

മഹ്‌സ അമിനിയെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാനിൽ ആളിക്കത്തിയ ഹിജാബ് പ്രതിഷേധത്തിൽ ഇതുവരെ 300 പേർ കൊല്ലപ്പെട്ടുവെന്ന് അധികൃതർ. ഇതാദ്യമായാണ് ഇറാൻ അധികൃതർ പ്രതിഷേധവുമായി ബന്ധപ്പെട്ട് കണക്കുകൾ പുറത്ത് വിടുന്നത്.

‘ഈ പെൺകുട്ടിയുടെ മരണത്തിൽ എല്ലാവർക്കും വിഷമമുണ്ട്. പ്രതിഷേധത്തിൽ എത്ര പേർ മരണപ്പെട്ടുവെന്ന് കൃത്യമായി അറിയില്ല. പക്ഷേ 300 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് തോന്നുന്നത്’- മെഹർ വാർത്താ ഏജൻസി പുറത്തുവിട്ട വിഡിയോയിൽ ഇസ്ലാമിക് റെവല്യൂഷ്ണറി ഗാർഡ് കോർപ്‌സ് ബ്രിഗേഡിയർ ജനറൽ ആമിർ അലി ഹാജിസാദെ പറഞ്ഞു. ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ പുറത്തുവിട്ട കണക്കുകൾ പ്രകാരം 416 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ആയിരത്തോളം ഇറാനികളും, നാൽപ്പതോളം വിദേശികളുമടക്കം 2,000 ലേറെ പേരാണ് ഇറാനിൽ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ ആറ് പേരെ വധ ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. വിധിക്ക് മേലുള്ള അപ്പീൽ സുപ്രിംകോടതി പരിഗണിക്കാനിരിക്കുകയാണ്.