ആലപ്പുഴ ജില്ലയിലെ കരുവാറ്റയിലും പുറക്കാടും വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പുറക്കാട് പഞ്ചായത്തിലെ 9,300 പക്ഷികളേയും കരുവാറ്റ ഗ്രാമപഞ്ചായത്തിലെ 292 പക്ഷികളെയുമാണ് നശിപ്പിക്കേണ്ടത്. പുറക്കാട് താറാവുകൾ ചത്തതു പക്ഷിപ്പനി കാരണമാണെന്ന് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ സ്ഥിരീകരിച്ചിരുന്നു.
നാലുചിറ പാടശേഖരത്തിലുണ്ടായിരുന്ന താറാവുകളാണ് കൂട്ടത്തോടെ ചത്തത്. കരുവാറ്റ കൊച്ചുപറമ്പിൽ ദേവരാജന്റേതാണ് ഇവ. ഒരാഴ്ചയ്ക്കിടയിൽ 200 താറാവുകൾ ചത്തു. 65 – 70 ദിവസം പ്രായമായ 9,300 താറാവുകൾ ദേവരാജനുണ്ട്. താറാവുകളുടെ കണ്ണുകൾക്ക് നീലനിറം ബാധിച്ചിരുന്നു. പിന്നാലെയാണ് ചത്തു തുടങ്ങിയത്. കഴിഞ്ഞ വർഷവും ദേവരാജന്റെ 11,000 താറാവുകൾ പക്ഷിപ്പനി ബാധിച്ച് ചത്തിരുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ച് കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം വന്നാലേ കള്ളിങ് നടത്താൻ കഴിയൂ. ഇല്ലെങ്കിൽ നശിപ്പിക്കുന്ന താറാവുകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയുണ്ടാകും. ഇതു കാരണമാണ് പ്രദേശത്തെ വളർത്തുപക്ഷികളെ നശിപ്പിക്കാതിരുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. ആലപ്പുഴയിൽ എല്ലാ വർഷവും പക്ഷിപ്പനി ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തണമെന്ന കളക്ടറുടെ നിർദേശമനുസരിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് 2 ആഴ്ചയ്ക്കകം നൽകുമെന്ന് മൃഗസംരക്ഷണ അധികൃതർ അറിയിച്ചു.