ബാലികയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം; 60കാരന് 13 വര്‍ഷം തടവ് ശിക്ഷ

0
49

ബാലികയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ 60കാരന് 13 വര്‍ഷം തടവ് ശിക്ഷ. വില്ലടം സ്വദേശി രവിയെയാണ് ശിക്ഷിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ബാലികയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പതിമൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ വിധിച്ചത്. പോക്സോ നിയമപ്രകാരം 5 വര്‍ഷവും ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച 8 വര്‍ഷവുമാണ് ശിക്ഷ. 75000 രൂപ പിഴയും വിധിച്ചു. പിഴയടക്കാത്ത പക്ഷം 9 മാസം അധിക തടവ് അനുഭവിക്കണം.

കേസില്‍ കെഎസ്ഇബി ജീവനക്കാരനാണ് ദൃക്സാക്ഷി. സാക്ഷി മൊഴി വിശ്വാസത്തിലെടുത്താണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന്‍
ഭാഗത്ത് നിന്ന് 9 സാക്ഷികളെയും 9 രേഖകളും മുന്‍ നിര്‍ത്തിയായിരുന്നു വാദം. വിയ്യൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി അജയ്കുമാര്‍, അഡ്വ. ശിവന്‍ എന്നിവര്‍ ഹാജരായി.