നടൻ ശ്രീനാഥ് ഭാസിക്കെതിരെയുള്ള വിലക്ക് പിന്‍വലിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

0
72

അഭിമുഖത്തിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റിലായതും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇതാ നടന് ഏര്‍പ്പെടുത്തിയ വിലക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പിന്‍വലിച്ചിരിക്കുകയാണ്.

‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമായിരുന്നു അവതാരകയുടെ പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മരട് പോലീസ് സ്‌റ്റേഷനില്‍ ഏകദേശം 4 മണിക്കൂറോളമാണ് നടനെ പോലീസ് ചോദ്യം ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍(PC 509), ലൈംഗിക ചുവയോടെ സംസാരിക്കല്‍ (IPC 354 A), പൊതുസ്ഥലത്ത് അസഭ്യം പറയല്‍ (IPC 294A) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പിന്നീട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ നടന് കുറച്ചു നാളത്തേയ്ക്ക് പുതിയ സിനിമകള്‍ നല്‍കേണ്ട എന്ന് തീരുമാനിച്ചിരുന്നു.

സംഭവത്തില്‍ ശ്രീനാഥ് ഭാസി അവതാരകയോട് മാപ്പ് പറഞ്ഞതിന് പിന്നാലെ അത് അംഗീകരിക്കുന്നതായി അവതാരക പ്രതികരിച്ചിരുന്നു. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് നടന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തിരുന്നു.