ഗുരുവായൂരില്‍ വിവാഹ ഫോട്ടോ ഷൂട്ടിനിടെ ആനയിടഞ്ഞു

0
133

ഗുരുവായൂരില്‍ വിവാഹ ഫോട്ടോ ഷൂട്ടിനിടയില്‍ ആനയിടഞ്ഞു. പാപ്പാനെ ആക്രമിച്ചു. നവദമ്പതികള്‍ക്ക് പിന്നിലായാണ് ആന ഇടഞ്ഞത്. ആനയെ പെട്ടെന്ന് നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ആളുകളെ ഭീതിയിലാക്കിയ ജീവന്മരണ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഈ മാസം 10ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹ സംഘത്തിന്റെ ഫോട്ടോ ഷൂട്ടിനിടയിലാണ് ആനയിടഞ്ഞ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്.

പാലക്കാട് സ്വദേശി നിഖിലിന്റെയും ഗുരുവായൂര്‍ സ്വദേശി അഞ്ജലിയുടെയും വിവാഹ ഫോട്ടോ ഷൂട്ടിനിടയിലാണ് സംഭവം. താലി കെട്ടിന് ശേഷം ക്ഷേത്രത്തിന്റെ വലത് ഭാഗത്തെ നടഭാഗത്തായിരുന്നു ഫോട്ടോ ഷൂട്ട്. ഇതിനിടയില്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നെള്ളിപ്പിനെത്തിച്ച ആനയെ കൊണ്ട് പോകുന്നതും രസകരമായി തോന്നിയതോടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. വരനും വധുവിനും തൊട്ട് പിന്നിലെത്തിയ ആന പെട്ടെന്ന് തിരിഞ്ഞ് ഒന്നാം പാപ്പാനെ ആക്രമിക്കുകയായിരുന്നു. പാപ്പാനെ തുമ്പിക്കൈയിലെടുത്ത് ഉയര്‍ത്തിയെങ്കിലും പിടുത്തം മുണ്ടിലായതിനാല്‍ ഉടുതുണി ഊരി താഴെ വീണു. ഉടന്‍ പാപ്പാന്‍ ഒഴിഞ്ഞു മാറിയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ തോട്ടി ഉപയോഗിച്ച് ആനപ്പുറത്തുണ്ടായിരുന്ന പാപ്പാന്‍ ആനയെ നിയന്ത്രണത്തിലാക്കി.

ക്ഷേത്രത്തിലെത്തിയവരെ ആകെ ഭീതിയിലാക്കിയ സംഭവം കോഴിക്കോട് വെഡിങ് മോയിറ്റോയിലെ വീഡിയോ ഗ്രാഫര്‍ ജെറി ആണ് പകര്‍ത്തിയത്. കഴിഞ്ഞ ദിവസമാണ് ഈ ദൃശ്യങ്ങള്‍ ഇവര്‍ സമൂഹ മാധ്യമത്തില്‍ പങ്കു വെച്ചത്. ആനയിടഞ്ഞത് അറിഞ്ഞില്ലെന്നും ഭയന്ന് പോയെന്നും നിഖിലും അഞ്ജലിയും പറയുന്ന വീഡീയോയും പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെ വിവിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ദൃശ്യങ്ങള്‍ പങ്കു വെച്ചത് ശരിയായില്ലെന്ന് ഒരു വിഭാഗവും, മികച്ചതെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നതായും ജെറി പറയുന്നു.