തരൂരിൽ തമ്മിലടിച്ച്‌ കോൺഗ്രസ്‌; ഔദ്യോഗിക നിർദേശങ്ങൾക്ക്‌ പുല്ലുവില

0
119

തരൂർ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാതെ കെ സുധാകരനും വി ഡി സതീശനും പിന്നിൽനിന്ന്‌ കളിക്കാനുള്ള നീക്കത്തിനും തിരിച്ചടി. ഡിസിസികളുമായി ആലോചിക്കാതെ തരൂരിന്‌ പരിപാടികൾ നൽകുന്നത്‌ തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. കോട്ടയത്തിനു പിന്നാലെ വി ഡി സതീശന്റെ തട്ടകമായ കൊച്ചിയിലും തരൂരിന്‌ പരിപാടി നിശ്ചയിച്ചു. ഞായറാഴ്‌ച നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ്‌ കോൺക്ലേവിൽ സുധാകരനും സതീശനും മുകളിൽ തരൂരിന്‌ മുഖ്യപ്രഭാഷകന്റെ സ്ഥാനം നൽകി. മാത്യു കുഴൽനാടനാണ്‌ സംഘാടകൻ.

തരൂരിന്റെ കോട്ടയത്തെ പരിപാടി പൊളിക്കാനുള്ള ഡിസിസി അധ്യക്ഷന്റെ ശ്രമം പാളി. പരിപാടിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ്‌ യൂത്ത്‌കോൺഗ്രസ്‌. അച്ചടക്കത്തിന്റെ വാൾ കാണിച്ച്‌ സംഘാടകരെ ഭയപ്പെടുത്താനുള്ള ശ്രമത്തിലും കടുത്ത ഭിന്നതയാണ്‌. അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ വെള്ളിയാഴ്ച കെപിസിസി ആസ്ഥാനത്ത്‌ വാർത്താസമ്മേളനം വിളിച്ചുവെങ്കിലും നിമിഷങ്ങൾക്കുള്ളിൽ റദ്ദാക്കി. കോട്ടയത്തെ പരിപാടിയെക്കുറിച്ച്‌ ചോദ്യങ്ങൾ ഉയരുമെന്നും അത്‌ തരൂരിന്‌ ഗുണമാകുമെന്നും കണ്ടാണ്‌ റദ്ദാക്കിയത്‌.

അതിനിടെ, മന്നം ജയന്തിക്ക്‌ തരൂരിനെ ക്ഷണിക്കുന്നതായി എൻഎസ്‌എസ്‌ സ്ഥിരീകരിച്ചു. പറവൂരിൽ നടന്ന പരിപാടിയിൽ എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ വി ഡി സതീശനെ വിമർശിച്ചിരുന്നു. രണ്ടാഴ്‌ച പിന്നിടുംമുമ്പ്‌ തരൂരിനെ ക്ഷണിച്ചതും കോൺഗ്രസ്‌ ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിച്ചു.

തരൂരിനെതിരായ പരസ്യനീക്കം അവസാനിപ്പിക്കണമെന്നാണ്‌ കെ സി വേണുഗോപാലിന്റെയും നിർദേശം. തരൂർ പക്ഷക്കാരും വിരുദ്ധരും തമ്മിലുള്ള ഏറ്റുമുട്ടലായി കേരളത്തിലെ കോൺഗ്രസ്‌ രാഷ്‌ട്രീയം മാറി എന്ന വിലയിരുത്തലാണ്‌ ഹൈക്കമാൻഡിനുള്ളത്‌. തരൂരിനൊപ്പം നിൽക്കുന്ന ശബരീനാഥന്‌ സംഘടനാകാര്യങ്ങൾ സംബന്ധിച്ച്‌ വിവരമില്ലെന്ന്‌ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്‌ പരസ്യമായി പ്രതികരിച്ചതും ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിന്റെ ഭാഗമാണ്‌.