വാളയാറിൽ സഹോദരിമാർ മരിച്ച കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമമെന്ന് സമരസമിതി

0
114

വാളയാറിൽ ദുരൂഹസാഹചര്യത്തിൽ സഹോദരിമാർ മരിച്ച കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമമെന്ന് സമരസമിതി. അഡ്വ.അനൂപ് കെ ആന്റണിയെ പ്രോസിക്യൂട്ടറായി നിയമിച്ചതിൽ ആശങ്കയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.ഈ പ്രോസിക്യൂട്ടറിൽ നിന്ന് കുടുംബത്തിന് നീതി കിട്ടില്ലെന്നും പുതിയ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറയുന്നു.

ഈ മാസം രണ്ടിനാണ് വാളയാർ കേസിലെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ അനൂപ് ആന്റണിയെ സർക്കാർ നിയമിച്ചത്.ആദ്യ സിബിഐ സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻമേൽ നിരവധി തവണ കോടതി നടപടികൾ ഉണ്ടായിട്ടും ഹാജരാകാതിരുന്ന പ്രോസിക്യൂട്ടർ, വീണ്ടുമെത്തുന്നതിലാണ് കുടുംബത്തിനും സമരസമിതിക്കും ആശങ്ക.പെൺകുട്ടികൾ അപമാനഭാരത്താൽ ആത്മഹത്യ ചെയ്തുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അതേപടി പ്രോസിക്യൂട്ടർ സിബിഐക്ക് വേണ്ടി കോടതിയിൽ സമർപ്പിച്ചെന്നും, ഈ പ്രോസിക്യൂട്ടറിൽ നിന്ന് കുടുംബത്തിന് നീതി കിട്ടില്ലെന്നുമാണ് വാളയാർ പെൺകുട്ടികളുടെ അമ്മ പറയുന്നത്.

പുതിയ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് സമരസമിതിയുടെ തീരുമാനം.മധുകേസിലെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോനെ നിയമിക്കണമെന്നാണ് കുടുംബത്തിന്റെ താത്പര്യം.

കേസിൽ കഴിഞ്ഞദിവസമാണ് പുതിയ സിബിഐ സംഘം അന്വേഷണം ആരംഭിച്ചത്.പെൺകുട്ടികളുടെ മാതാപിതാക്കളുടെ പ്രാഥമിക മൊഴിയെടുപ്പടക്കം ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു.മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം.