ഐക്യരാഷ്ട്രസഭയിൽ ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തി ഇന്ത്യ

0
96

ഐക്യരാഷ്ട്രസഭയിൽ ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തി ഇന്ത്യ. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള തങ്ങളുടെ ശ്രമങ്ങൾ ‘രാഷ്ട്രീയ കാരണങ്ങളാൽ’ തടഞ്ഞിരുന്നുവെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.

ഉത്തരവാദികളെ സ്വതന്ത്രമായി വിഹരിക്കാനും രാജ്യത്തിനെതിരെ കൂടുതൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്താനും അനുവദിച്ചുവെന്നും രുചിര കൂട്ടിച്ചേർത്തു.

തീവ്രവാദം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നത് തുടരുകയാണ്. ഐഎസും അൽ-ഖ്വയ്ദയും ചേർന്ന് സിവിലിയന്മാരെയും സുരക്ഷാ സേനയെയും ലക്ഷ്യമിടുന്നു. 2008 നവംബറിൽ 10 ഭീകരർ പാകിസ്ഥാനിൽ നിന്ന് കടൽമാർഗ്ഗം മുംബൈ നഗരത്തിലേക്ക് കടന്നത് മറക്കരുതെന്നും രുചിര ഓർമ്മിപ്പിച്ചു. യുഎൻ രക്ഷാസമിതിയുടെ 1267/1373/1540 കമ്മിറ്റികളുടെ ചെയർമാൻമാരുടെ സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മുംബൈ ഭീകരാക്രമണത്തിൽ 26 വിദേശ പൗരന്മാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെടുന്നത്. ഭീകരാക്രമണങ്ങളുടെ ഗൂഢാലോചനക്കാരെയും സഹായികളെയും നിരോധിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ രാഷ്ട്രീയ കാരണങ്ങളാൽ തടയപ്പെട്ടുവെന്ന് കാംബോജ് പറഞ്ഞു. പാകിസ്ഥാൻ ഭീകരരെയും അവരുടെ സ്ഥാപനങ്ങളെയും ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും യുഎസിന്റെയും ശ്രമങ്ങൾ ചൈന ആവർത്തിച്ച് തടയുന്ന പശ്ചാത്തലത്തിലാണ് രുചിരയുടെ പ്രസ്താവന.

പാക് ഭീകരരായ ഹാഫിസ് തൽഹ സയീദ്, ലഷ്‌കറെ തൊയ്ബ നേതാവ് ഷാഹിദ് മെഹ്‌മൂദ്, ലഷ്‌കറെ തൊയ്ബ ഭീകരൻ സാജിദ് മിർ, ജെയ്ഷെ മുഹമ്മദ് നേതാവ് അബ്ദുൾ റൗഫ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ യുഎന്നിന്റെ കരിമ്പട്ടികയിൽപ്പെടുത്തി ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടേയും യുഎസിന്റേയും നീക്കം ചൈന തടഞ്ഞുവെന്നും രുചിക കാംബോജ് പറഞ്ഞു.

2022 ലെ തീവ്രവാദ വിരുദ്ധ സമിതിയുടെ (സിടിസി) ചെയർമാനെന്ന നിലയിൽ, കമ്മിറ്റിക്ക് അതിന്റെ ചുമതല ഫലപ്രദമായി നിറവേറ്റാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് കാംബോജ് പറഞ്ഞു. കഴിഞ്ഞ മാസം മുംബൈയിലും ന്യൂഡൽഹിയിലും സിടിസിയുടെ പ്രത്യേക യോഗങ്ങൾ സംഘടിപ്പിച്ചതിന്റെ ബഹുമതി ഇന്ത്യാ ഗവൺമെന്റിനുണ്ടെന്നും അവർ വ്യക്തമാക്കി.