Thursday
18 December 2025
24.8 C
Kerala
HomeKerala'കേരളം എങ്ങോട്ട്? ആശുപത്രി ആക്രമണങ്ങള്‍ ഒരിക്കലും വെച്ചു വെറുപ്പിക്കപ്പെടാന്‍ പാടില്ല': ഡോ.സുല്‍ഫി നൂഹു

‘കേരളം എങ്ങോട്ട്? ആശുപത്രി ആക്രമണങ്ങള്‍ ഒരിക്കലും വെച്ചു വെറുപ്പിക്കപ്പെടാന്‍ പാടില്ല’: ഡോ.സുല്‍ഫി നൂഹു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച വിവരമറിയിച്ച വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡോ.സുല്‍ഫി നൂഹു. ആക്രമണത്തിനിരയായ വനിതാ ഡോക്ടറുടെ വാക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡോ.സുല്‍ഫി നൂഹു. വനിതാ ഡോക്ടറുടെ അടിവയറ്റിലാണ് മരിച്ച രോഗിയുടെ ബന്ധു ചവിട്ടിയത്. തിരുവനന്തപുരത്ത് ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. ആക്രമിച്ച പ്രതിക്കെതിരെ ഇപ്പോഴും നടപടിയുണ്ടായിട്ടില്ലെന്നും സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഡോ.സുല്‍ഫി നൂഹുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം;

ഞാന്‍ ഡോക്ടര്‍ പണി നിര്‍ത്തുന്നു.
‘ഈ പണി എനിക്ക് വേണ്ട. ന്യൂറോസര്‍ജനുമാകേണ്ട, ഡോക്ടര്‍ പണിയും വേണ്ട.
ഞാന്‍ രാജ്യം വിടുന്നു’!
കരയാതെ കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടര്‍ ഇന്നലെ എന്നോട് ഇങ്ങനെ പറഞ്ഞു.
അടിവയര്‍ നോക്കി ഒത്ത ഒരാണൊരുത്തന്‍ ആഞ്ഞ് ചവിട്ടിയതിന്റെ ഫലം. അതീവ ഗുരുതരാവസ്ഥയിലുള്ള, തലച്ചോറിനുള്ളില്‍ ട്യൂമര്‍ ബാധിച്ച രോഗി, ഓപ്പറേഷന്‍ കഴിഞ്ഞതിന് ശേഷവും ജീവന്‍ രക്ഷിക്കാന്‍രാപകലില്ലാതെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കിണഞ്ഞ് ശ്രമിച്ചതിന് ശേഷവും നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്ത നിര്‍ഭാഗ്യകരമായ കാര്യം ഐസിയുവിന് വെളിയില്‍ വന്ന് അതിരാവിലെ ഒരു മണിയോടെ രോഗിയുടെ ബന്ധുവിനോട് പറയുമ്പോള്‍.

അടിവയര്‍ നോക്കി ചാടി ഒരു ചവിട്ട്. സിസി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. അതും 24 മണിക്കൂറും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി ഐസിയുവില്‍, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കില്‍, എന്തിന് ആശുപത്രി നിറയെ പറന്നു നടന്ന് ജോലിചെയ്യുന്ന ഒരു വനിതാ ഡോക്ടര്‍.

അഞ്ചര കൊല്ലം എംബിബിഎസ്. അതിന് അഡ്മിഷന്‍ കിട്ടാന്‍ എല്‍കെജി മുതല്‍ പഠനം. മൂന്നുകൊല്ലം സര്‍ജറി പഠനം. അതിന് അഡ്മിഷന്‍ കിട്ടാനും വേണം കൊല്ലങ്ങള്‍. സൂപ്പര്‍ സ്‌പെഷ്യാലിറ്റി പഠനത്തില്‍ മിക്കവാറും ഏതാണ്ട് എല്ലാ സമയവും ആശുപത്രിക്കുള്ളില്‍.പഠനം കഴിഞ്ഞിട്ട് കുട്ടികള്‍ മതിയെന്ന് തീരുമാനവും. ചവിട്ട് കിട്ടിയ വനിത ഡോക്ടര്‍ ഐസിയുവിനുള്ളില്‍ നിലവിളിച്ച് കരയാന്‍ പോലും കഴിയാതെ തകര്‍ന്നടിയുന്നു. പ്രതി ഇപ്പോഴും സുരക്ഷിതന്‍. സ്വന്തം പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ തയ്യാറായി വനിതാ ഡോക്ടറും . പ്രഭാത സവാരിയില്‍ മാത്രമല്ല തൊഴിലിടങ്ങളിലും വനിതകള്‍, വനിതാ ഡോക്ടര്‍മാര്‍ സുരക്ഷിതരല്ല. ഇത് തലസ്ഥാനനഗരിയില്‍ ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വനിത ഡോക്ടര്‍ ആക്രമണം.

കേരളം എങ്ങോട്ട്? ആശുപത്രി ആക്രമണങ്ങള്‍ ഒരിക്കലും വെച്ചു വെറുപ്പിക്കപ്പെടാന്‍ പാടില്ല. അപ്പോ ചികിത്സ പിഴവെന്ന് രോഗിക്കൊ, രോഗിയുടെ ബന്ധുക്കള്‍ക്കോ തോന്നിയാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചു വരുന്നവരോട് നല്ല നമസ്‌കാരം. നാട്ടില്‍ നിയമമുണ്ട് നിയമാനുസൃതമായ നടപടികളും. അടിവയര്‍ നോക്കി ചാടി ചവിട്ടിയാല്‍ ഇനി നോക്കി നില്‍ക്കാന്‍ ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല തന്നെ!
ഡോ സുല്‍ഫി നൂഹു. സംസ്ഥാന പ്രസിഡണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

RELATED ARTICLES

Most Popular

Recent Comments