ജയിൽ മോചനം ആവശ്യപ്പെട്ട് പ്രവീണ്‍ വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ആര്‍ ഷാജി

0
41

ജയിൽ മോചനം ആവശ്യപ്പെട്ട് പ്രവീണ്‍ വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ആര്‍ ഷാജി സുപ്രിം കോടതിയെ സമീപിച്ചു. പതിനേഴ് വർഷമായി താൻ ജയിലാണെന്നും വിട്ടയ്ക്കണമെന്നുമാണ് ഷാജി ഹർജിയില്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ ജയിൽ മോചനത്തിനായുള്ള ശുപാർശ പട്ടികയിൽ ഷാജി ഉൾപ്പെട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. ജയിലിലെ നല്ല നടപ്പും പെരുമാറ്റവും കണക്കിലെടുത്തായിരുന്നു ഷാജിയെ ജയില്‍ മോചനത്തിനായുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ജീവപര്യന്തം ശിക്ഷയുടെ കാലാവധി കഴിഞ്ഞെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ഷാജി ജയിലില്‍ തുടരുകയാണ്. ഇതേ തുടര്‍ന്നാണ് വിട്ടയാക്കാനുള്ള ശുപാര്‍ശയില്‍ ആര്‍ ഷാജിയുടെ പേരും ഉള്‍പ്പെടുത്തിയത്.

എന്നാല്‍, ഷാജി പുറത്തിറങ്ങിയാല്‍ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ തന്‍റെ അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാം ഭാര്യയിലെ മകന്‍ സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിട്ടയക്കല്‍ പട്ടികയില്‍ നിന്നും ഷാജിയുടെ പേര് നീക്കം ചെയ്തത്. 2005 ഫെബ്രുവരി 15-ന് പ്രവീൺക്കൊല കേസിൽ പ്രതിയായതിനെ തുടര്‍ന്നാണ് മുൻ ഡിവൈഎസ്പി കൂടിയായിരുന്ന ആര്‍ ഷാജിയെ ജീവപര്യന്തം ശിക്ഷയ്ക്ക് ഹൈക്കോടതി വിധിച്ചത്.

തന്‍റെ ഭാര്യയുമായി ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഡിവൈഎസ്പി ആർ ഷാജി, ഗുണ്ടാ നേതാവ് പ്രിയന്‍ പള്ളുരുത്തിക്ക് പ്രവീണിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നുവെന്നാണ് കേസ്. പ്രവീണിനെ കൊലപ്പെടുത്തിയ പ്രിയന്‍ ശരീരം വെട്ടി നുറുക്കി മൂന്ന് ഇടങ്ങളിലായി ഉപേക്ഷിച്ചു. കൊലപാതകം നടക്കുമ്പോൾ ഷാജി മലപ്പുറത്ത് ഡിവൈഎസ്പി ആയിരുന്നു. കേസില്‍ ആകെ നാല് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ശിക്ഷ അനുഭവിക്കവെ 2021 മെയ് 21 ന് പ്രിയന്‍ കൊവിഡ് ബാധിച്ച് ജയിലില്‍ വച്ച് മരിച്ചിരുന്നു. അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത എന്നിവരാണ് ആര്‍ ഷാജിക്ക് വേണ്ടി സുപ്രിം കോടതിയില്‍ ഹർജി ഫയൽ ചെയ്തത്.