കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ബാലവിവാഹത്തിൽ പ്രതികളെല്ലാം ഒളിവിൽ

0
54

കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ബാലവിവാഹത്തിൽ പ്രതികളെല്ലാം ഒളിവിൽ. പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊ‍ർജ്ജിതമാക്കി. സംഭവത്തിൽ CWCയും നിയമനടപടി തുടങ്ങി.

കുറ്റിക്കാട്ടൂരിലെ പള്ളിയിൽ വെച്ച് നടന്ന ബാലവിവാഹത്തിൽ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ വരനാണ് ഒന്നാംപ്രതി. പെൺകുട്ടിയുടെ അച്ഛനും അമ്മയും ഉൾപ്പെടെ മറ്റ് രണ്ട് പേർ കൂടി പ്രതിപ്പട്ടികയിലുണ്ട്. എന്നാൽ ഇവരെല്ലാം ഒളിവിലാണ്. പെൺകുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെ നടത്തിയ ശേഷമാകും ബാല വിവാഹ നിരോധന നിയമത്തിന് പുറമെ കേസിൽ, പോക്സോ വകുപ്പ് കൂടി ചേർക്കണമോയെന്ന് പൊലീസ് തീരുമാനിക്കുക.

എന്നാൽ ഒളിവിൽ പോയ വരനൊപ്പമാണ് പെൺകുട്ടിയെന്നതിനാൽ പ്രാഥമിക മൊഴിയെടുപ്പ് പോലും ഇതുവരെ നടന്നിട്ടില്ല. പെൺകുട്ടിക്ക് അടുത്ത ഏപ്രിലിൽ മാത്രമാണ് 18 വയസ്സ് പൂർത്തിയാകുക. ഇത് മറച്ചുവച്ച് മതപുരോഹിതൻ കൂടിയായ രക്ഷിതാവ് ബാലവിവാഹം നടത്തിയത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ജില്ലാ ശിശു സംരക്ഷണ വകുപ്പ് വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് സിജെഎം കോടതിയിൽ ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് വിശദമായ റിപ്പോർട്ട് നൽകും. മെഡിക്കൽ കോളേജ് പൊലീസിനോടും ശിശു സംരക്ഷണ വകുപ്പിനോടും, CWC യും അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. വിവാഹത്തിന് കാർമികത്വം വഹിച്ചവരും കേസിൽ പ്രതികളാകുമെന്ന് പൊലീസ് അറിയിച്ചു.