സൗദി അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 82 പേർ അറസ്റ്റിൽ

0
55

സൗദിയിലെ വിവിധ പ്രവിശ്യകളിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 82 പേരെ അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അതിനിടെ, മയക്കുമരുന്ന് ശേഖരവുമായി സ്വദേശി പൗരനെ റിയാദിൽ കസ്റ്റഡിയിലെടുത്തതായി നാർകോട്ടിക്‌സ് കൺട്രോൾ ഡയറക്ടറേറ്റ് അറിയിച്ചു.

സൗദി അറേബ്യയിലെ അസീർ, കിഴക്കൻ പ്രവിശ്യ, ജിസാൻ, മദീന, നജ്‌റാൻ, മക്ക എന്നീ പ്രദേശങ്ങളിലെ അതിർത്തികൾ വഴി മയക്കു മരുന്ന് കടത്താൻ ശ്രമിച്ച 82 പേരെ അറസ്റ്റ് ചെയ്തതായി അതിർത്തി സുരക്ഷാ സേനാ വക്താവ് കേണൽ മിസ്ഫർ അൽ ഖരൈനി അറിയിച്ചു. അറസ്റ്റിലായവരിൽ 18 പേർ സ്വദേശി പൗരൻമാരും 64 പേർ നുഴഞ്ഞു കയറ്റക്കാരുമാണ്. ഇവരിൽ നിന്നു 671 കിലോ ഗ്രാം ഹാഷീഷും 2.9 ലക്ഷം ലഹരി ഗുളികകളും പിടിച്ചെടുത്തു.

അതിനിടെ, രാജ്യത്തേക്ക് കടത്തിയ മയക്കുമരുന്ന് ശേഖരവുമായി സ്വദേശി പൗരനെ റിയാദിൽ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 1.38 ലക്ഷം ലഹരി ഗുളികകളും ഒമ്പതു തോക്കുകളും 625 തിരകളും കണ്ടെത്തി. നിയമ നടപടി പൂർത്തിയാക്കുന്നതിന് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

139 ലഹരി ഗുളികകളുമായി നിയമ ലംഘകരായ രണ്ടു എത്യോപ്യക്കാരെ അറസ്റ്റ് ചെയ്തതായി മദീന പൊലീസും അറിയിച്ചു.