ലോകകപ്പില്‍ ഗ്രൂപ്പ് ഇ യില്‍ ജര്‍മ്മനി – ജപ്പാന്‍ മത്സരത്തില്‍ ജര്‍മ്മന്‍ താരങ്ങള്‍ ഫിഫ അധികൃതര്‍ക്ക് വ്യത്യസ്തമായ രീതിയില്‍ ഒരു സന്ദേശം നല്‍കിയിരിക്കുകയാണ്. വൈവിധ്യങ്ങളെ ഒപ്പം നിര്‍ത്തണമെന്നതായിരുന്നു ആ സന്ദേശം. ലോകകപ്പില്‍ ‘വണ്‍ ലവ്’ ആംബാന്‍ഡ് ധരിച്ചാല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഫിഫ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മത്സരത്തില്‍ എല്‍ ജി ബി ടി(സ്വവര്‍ഗ്ഗലൈംഗികത)യെ പിന്തുണയ്ക്കാന്‍ ആംബാന്റ് ധരിക്കുന്ന ടീമുകള്‍ക്കെതിരേ ഫിഫ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ജര്‍മ്മനി, ഇംഗ്ലണ്ട്, വെയ്ല്‍സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, നെതര്‍ലന്റസ്, സ്വിറ്റ്സര്‍ലന്റ് എന്നീ ടീമുകള്‍ ആംബാന്‍ഡ് ധരിക്കുന്ന തീരുമാനം ഉപേക്ഷിച്ചിരുന്നു.
ഫിഫ അനുവദിക്കുന്ന കിറ്റുകള്‍ മാത്രമേ താരങ്ങള്‍ ലോകകപ്പില്‍ ധരിക്കാവൂ. അല്ലാത്ത പക്ഷം താരങ്ങള്‍ക്ക് യെല്ലോ കാര്‍ഡ് നല്‍കുന്നതാണ് ഫിഫയുടെ നിയമം. എന്നാല്‍ ഫിഫയുടെ ഭീഷണിയില്‍ ജര്‍മ്മന്‍ ടീം ഒരു ബദല്‍ മാര്‍ഗവും കണ്ടെത്തി. ഫിഫയുടെ വിലക്കില്‍ പ്രതിഷേധിച്ച് ജപ്പാനെതിരായ മത്സരത്തിന് മുന്നോടിയായി ജര്‍മ്മന്‍ ടീം ഫൊട്ടോ സെഷനില്‍ വായ് മൂടിക്കെട്ടി പ്രതിഷേധിക്കുകയായിരുന്നു.
”ഞങ്ങളുടെ ക്യാപ്റ്റന്റെ ആംബാന്‍ഡ് ഉപയോഗിക്കേണ്ടതിനെ കുറിച്ച് ഡിഎഫ്ബി ട്വീറ്റ് ചെയ്തു. ഞങ്ങളുടെ ദേശീയ ടീമില്‍ ജീവിക്കുന്ന മൂല്യങ്ങള്‍ക്ക് ഒരു മാതൃക കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, വൈവിധ്യവും പരസ്പര ബഹുമാനവും. ”മറ്റ് ജനതകളോടൊപ്പം ഉച്ചത്തില്‍ സംസാരിക്കുക. ഇത് ഒരു രാഷ്ട്രീയ സന്ദേശത്തെക്കുറിച്ചല്ല: മനുഷ്യാവകാശങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നില്ല. അത് പറയാതെ പോകണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് ഇപ്പോഴും ഇല്ല. അതുകൊണ്ടാണ് ഈ സന്ദേശം നമുക്ക് വളരെ പ്രധാനപ്പെട്ടത്. ഞങ്ങളെ ബാന്‍ഡേജില്‍ നിന്ന് വിലക്കുന്നത് ഞങ്ങളുടെ വായ മൂടുന്നതിന് തുല്യമാണ്. ഞങ്ങളുടെ നിലപാടില്‍ ഞങ്ങര്‍ നിലകൊള്ളുന്നു.” ഡിഎഫ്ബി ട്വീറ്റില്‍ പറഞ്ഞു.