തലശേരി ഇരട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി പാറായി ബാബു പിടിയിൽ. കണ്ണൂർ ഇരിട്ടിയിൽ വച്ചാണ് പിടിയിലായത്.ബാബുവിനെ രക്ഷപ്പെടാൻ സഹായിച്ച തലശേരി സ്വദേശികളായ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും പിടികൂടി. നേരത്തെ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ജാക്‌സൺ, ഫർഹാൻ നവീൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് തലശേരി സിറ്റി സെന്ററിന് സമീപം ലഹരിമാഫിയ സംഘം മൂന്ന് സിപിഐ എം പ്രവർത്തകരെ ആക്രമിച്ചത്. കുത്തേറ്റ ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചും മരിച്ചു. ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്‌സണും പാറായി ബാബൂവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീർ പോലീസിന് മൊഴി നൽകിയിരുന്നു. ലഹരിവിൽപ്പന ചോദ്യംചെയ്ത ഷമീറിന്റെ മകൻ ഷബീലിനെ ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്സൺ മർദിച്ചിരുന്നു.
ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തുക്കളും.അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരി മാഫിയാസംഘം ഇവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടെ, കൈയിൽ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഷമീർ, ഷാനിബ് എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ചു. ബുധനാഴ്ച വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം നടന്നത്.