ഓൺലൈനിൽ രാസവസ്‌തുക്കൾ വാങ്ങിയതിന് രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബുധനാഴ്‌ച കസ്‌റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണത്തിനായാണ് ഇവരെ എൻഐഎ കസ്‌റ്റഡിയിലെടുത്തത്. കോയമ്പത്തൂരിൽ ഓൺലൈനായി രാസവസ്‌തുക്കൾ വാങ്ങിയ മാരിയപ്പനേയും സെന്തിൽകുമാറിനേയും എൻഐഎ ചോദ്യം ചെയ്യുകയാണ്.
മാരിയപ്പനെതിരെ നേരത്തെ തന്നെ ക്രിമിനൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. രണ്ടുപേരും ഓൺലൈൻ വഴിയാണ് പൊട്ടാസ്യം നൈട്രേറ്റ് എന്ന രാസവസ്‌തു ഓർഡർ ചെയ്‌ത് വാങ്ങിയത്. എൻഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കോയമ്പത്തൂരിലെ ശരവണംപട്ടി പോലീസ് സ്‌റ്റേഷനിൽ വച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
പൊട്ടാസ്യം നൈട്രേറ്റ് രാസവസ്‌തുവിന് പുറമെ മറ്റ് ചില രാസവസ്‌തുക്കളും കൂടി അവർ വാങ്ങിയിട്ടുണ്ട് . സ്‌ഫോടക വസ്‌തുക്കൾ നിർമിക്കാൻ ഇവ ഉപയോഗിക്കാമെന്നതിനാൽ മാരിയപ്പനെയും സെന്തിൽകുമാറിനെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.