ആറ് വര്‍ഷത്തിനുള്ളില്‍ കുടുംബം മുഴുവന്‍ കോടീശ്വരന്മാര്‍; പാക് സൈനിക മേധാവിക്കെതിരെ അന്വേഷണം

0
55

പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപണം. ആറ് വര്‍ഷത്തിനിടെ ഖമര്‍ ജാവേദ് ബജ്‌വയുടെ കുടുംബാംഗങ്ങളുടെ സ്വത്തില്‍ വന്‍ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ സേവന കാലാവധി രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഖമര്‍ ജാവേദ് ബജ്‌വയുടെ കുടുംബാംഗങ്ങള്‍ നിരവധി ബിസിനസുകളാണ് കഴിഞ്ഞ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആരംഭിച്ചത്.ഒരു ബില്യണിലധികം മൂല്യമുള്ള സ്വത്ത് വകകള്‍ ബജ്വ കുടുംബം അനധികൃതമായി സമ്പാദിച്ചെന്നാണ് ആരോപണം. പാകിസ്താനിലെ പ്രമുഖ നഗരങ്ങളില്‍ ഫാം ഹൗസുകളടക്കം ഇവര്‍ വാങ്ങി. ചുരുങ്ങിയ സമയത്തിലുള്ളില്‍ കോടിക്കണക്കിന് ഡോളറാണ് ജാവേദ് ബജ്‌വയുടെ കുടുംബം സമ്പാദിച്ചതെന്ന് ഫാക്ട് ഫോക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 മുതല്‍ 2021 വരെയുള്ള കാലയളവിലെ പാക് ആര്‍മി ചീഫിന്റെ കുടുംബത്തിന്റെ സ്വത്ത് വിവരങ്ങളാണ് ഫാക്ട് ഫോക്കസ് പുറത്തുവിട്ടിരിക്കുന്നത്.

വെറും ആറ് വര്‍ഷത്തിനുള്ളിലാണ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ കുടുംബം ശതകോടീശ്വരന്മാരായത്. രാജ്യത്തിന് പുറത്ത് ബിസിനസ്, വിദേശ സ്വത്തുക്കള്‍, വാണിജ്യ പ്ലാസകള്‍, പ്ലോട്ടുകള്‍, ഇസ്ലാമാബാദിലെയും കറാച്ചിയിലെയും ഫാം ഹൗസുകള്‍, ലാഹോറിലെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്‌ഫോളിയോ തുടങ്ങിയവയാണ് ഇക്കാലയളവിനുള്ളില്‍ കുടുംബാംഗങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത്. ആറ് വര്‍ഷത്തിനിടെ ബജ്‌വ കുടുംബം സ്വരൂപിച്ച പാകിസ്താനിലും പുറത്തുമുള്ള ആസ്തികളുടെയും ബിസിനസുകളുടെയും നിലവിലെ വിപണി മൂല്യം 12.7 ബില്യണിലധികം രൂപയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സൈനിക സേവനത്തില്‍ നിന്ന് ബജ്‌വ വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആരോപണം. ജനറല്‍ ബജ്‌വയുടെ ഭാര്യ ആയിഷ അംജദിന്റെ ആസ്തി 2016ല്‍ പൂജ്യമായിരുന്നു. ആറ് വര്‍ഷത്തിനുള്ളില്‍ ഇത് 2.2 ബില്യണ്‍ ആയി. ജനറലിന്റെ മരുമകള്‍ മഹ്‌നൂര്‍ സാബിറിന്റെ ആസ്തിയുടെ മൊത്തം മൂല്യം 2018 ഒക്‌ടോബറില്‍ പൂജ്യമായിരുന്നു. 2018 നവംബറിലെ കണക്കുപ്രകാരം അത് 1271 മില്യണിലേക്കെത്തി. മഹ്നൂര്‍ സാബിറിന്റെ സഹോദരി ഹംന നസീറിന്റെ സ്വത്തും ഇക്കാലയളവില്‍ വലിയ തോതില്‍ ഉയര്‍ന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ജനറലിനെതിരെ അന്വേഷണം നടത്താന്‍ ധനമന്ത്രി ഇഷാഖ് ദാര്‍ ഉത്തരവിട്ടു.