വിവാഹാഭ്യർത്ഥന നിരസിച്ചു; സ്വയം തീ കൊളുത്തി, സഹപാഠിയായ വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ച വിദ്യാർത്ഥി മരിച്ചു

0
95

വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സ്വയം തീകൊളുത്തിയ ശേഷം, സഹപാഠിയായ വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ച ​ഗവേഷണ വിദ്യാർത്ഥി മരിച്ചു. ഔറം​ഗബാദിലെ ​ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ​ഗവേഷണ വിദ്യാർത്ഥിയായ ​ഗജാനൻ മുണ്ടേയാണ് സ്വയം തീകൊളുത്തി, സഹപാഠിയെ കെട്ടിപ്പിടിച്ചത്. സംഭവത്തിൽ ​ഗ‍ജാനൻ മുണ്ടേ മരിച്ചു. യുവതി 55 ശതമാനം പൊള്ളലോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയെ പിന്തുടർന്നാണ് ഇയാൾ കോളെജിലെത്തിയത്. യുവതിയെ വിവാഹം കഴിക്കാൻ മുണ്ടേ ആ​ഗ്രഹിച്ചിരുന്നെങ്കിലും അവർ ഇയാളുടെ അഭ്യർത്ഥന നിരസിക്കുകയാണുണ്ടായെന്ന് പൊലീസ് പറയുന്നു. അസിസ്റ്റന്റ് പ്രൊഫസറെ കാണാൻ വേണ്ടി കോളേജിലെത്തിയതായിരുന്നു വിദ്യാർത്ഥിനി. വിദ്യാർഥിനിയെ പിന്തുടർന്നെത്തിയ മുണ്ടെ പ്രൊഫസറുടെ കാബിനിൽ വിദ്യാർഥിനി കയറിയപ്പോൾ കൂടെ കയറി. കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ലെന്ന് ചോദിച്ച് മുണ്ടെ വിദ്യാർഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കോളേജ് ജീവനക്കാർ കാബിന്റെ വാതിൽ തകർത്ത് അകത്ത് കയറി, അ​ഗ്നി ശമന ഉപകരണം ഉപയോ​ഗിച്ച് തീകെടുത്തി. ഇരുവരെയും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.