Sunday
11 January 2026
24.8 C
Kerala
HomeIndiaഭരണഘടന അട്ടിമറിക്കെതിരെ പോരാട്ടം അനിവാര്യം : യെച്ചൂരി

ഭരണഘടന അട്ടിമറിക്കെതിരെ പോരാട്ടം അനിവാര്യം : യെച്ചൂരി

കോർപറേറ്റ്‌, വർഗീയ ശക്തികൾ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ യോജിച്ച പോരാട്ടം അനിവാര്യമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ പി ഗോവിന്ദപ്പിള്ള ദേശീയ പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാമിന്‌ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ശക്തികൾ മാധ്യമങ്ങളെപ്പോലും ഉപകരണമാക്കി മാറ്റുന്നിടത്ത്‌ പി ജിയെപ്പോലുള്ള ധിഷണാശാലികളുടെ ചിന്തകൾ പ്രസക്തമാകുന്നു. രാജ്യത്ത്‌ വിശപ്പും തൊഴിലില്ലായ്‌മയും പെരുകുമ്പോഴും മതവിശ്വാസങ്ങൾ അതിലെല്ലാം വലുതെന്ന്‌ വിശ്വസിപ്പിക്കാനാണ്‌ കേന്ദ്രം ഭരിക്കുന്നവരുടെ ശ്രമം. ഹിമാചൽ പ്രദേശിൽ സിപിഐ എം സ്ഥാനാർഥി ജയിച്ചപ്പോൾ ദേവഭൂമിയിൽ അസുരന്മാർ വിജയിച്ചത്‌ എങ്ങനെയെന്നാണ്‌ പ്രധാനമന്ത്രി ചോദിച്ചത്‌. എന്നാൽ, ഇക്കുറിയും അവിടെ സിപിഐ എമ്മിന്‌ ജയമുണ്ടാകും.

കൺകറന്റ്‌ പട്ടികയിലുള്ള ഉന്നത വിദ്യാഭ്യാസത്തിൽപ്പോലും കേന്ദ്രം ഇടപെടുന്നു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന്‌ സർവകലാശാലകളിൽ പഠിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുജിസി ചെയർമാൻ ഗവർണർമാർക്ക്‌ കത്തെഴുതിയത്‌ ഇതിന്റെ ഭാഗമാണ്‌. വേദകാലംമുതൽ രാജ്യത്ത്‌ ജനാധിപത്യ സമ്പ്രദായമുണ്ടെന്നും ഖാപ് പഞ്ചായത്ത‍് ജനാധിപത്യത്തിന്റെ മാതൃകയാണെന്നുമാണ്‌ യുജിസി പറയുന്നത്‌. സ്വാതന്ത്ര്യദിനത്തിൽ നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ ചുവടുപിടിച്ചാണിത്‌.

ജി ട്വന്റി അധ്യക്ഷ സ്ഥാനം നരേന്ദ്രമോദിക്കു ലഭിക്കുന്നത്‌ വലിയ നേട്ടമായി അടുത്ത തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാനാണ്‌ നീക്കം. ഇതിൽ ഉൾപ്പെട്ട എല്ലാ രാജ്യങ്ങൾക്കും ഊഴമനുസരിച്ച്‌ ലഭിക്കുന്നതാണ്‌ അധ്യക്ഷസ്ഥാനമെന്നും യെച്ചൂരി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments