അസം – മേഘാലയ അതിർത്തിയിൽ വെടിവെയ്പ്പ്; മോഘാലയയെ കുറ്റപ്പെടുത്തി അഭിഷേക് ബാനര്‍ജി

0
99

ഇന്നലെ (22.11.’22) ആറ് പേരുടെ മരണത്തിനിടയാക്കിയ അസം-മേഘാലയ അതിർത്തിയിലെ തർക്ക സ്ഥലത്ത് നടന്ന അക്രമത്തിൽ തന്റെ വേദന അറിയിച്ച തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, സംഭവം മേഘാലയ സർക്കാരിന്‍റെ “അനാസ്ഥയാണ്” കാണിക്കുന്നതെന്ന് പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും പാര്‍ട്ടിയിലെ രണ്ടാമനുമായ അഭിഷേക് ബാനർജി പറഞ്ഞു. സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും ആറ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പോയെന്നും പറഞ്ഞ അഭിഷേക്, മേഘാലയയെ നിസാരമായി കാണാന്‍ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ എത്ര കാലത്തേക്ക് ഹിമന്തബിശ്വയെ അനുവദിക്കുമെന്നും അഭിഷേക് ചോദിച്ചു. മേഘാലയക്കാർ എത്രകാലം ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കണമെന്ന് ചോദിച്ച അഭിഷേക് ഈ അനീതി എത്രനാൾ തുടരുമെന്നും ട്വീറ്റ് ചെയ്തു.

അസം – മേഘാലയ അതിർത്തിയിലെ വനമേഖലയിൽ ഉണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം ആറായി. അസം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയിൽ നിന്നുള്ള അഞ്ച് പേരുമാണ് മരിച്ചവര്‍. വെസ്റ്റ് ജയന്തി ഹിൽസ് മേഖലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മേഘാലയക്കാർ. സംഭവത്തിൽ മേഘാലയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ വ്യക്തമാക്കി. അതേസമയം പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് ചില ജില്ലകളിൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്.

അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനം വകുപ്പ് തടഞ്ഞപ്പോഴാണ് സംഘർഷം ഉണ്ടായതെന്നാണ് സംഭവത്തിൽ അസം വനം വകുപ്പ് പറയുന്നത്. അസമിലെ വനത്തില്‍ നിന്നും മുറിച്ച് കടത്തുകയായിരുന്ന മരവുമായി ഒരു ട്രക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അസം വനം വകുപ്പ് അറിയിച്ചു. ഇന്നലെ പുലർച്ചെയാണ് പ്രദേശത്ത് സംഘർഷം ഉണ്ടായത്. മരവുമായി പോയ ട്രക്ക് അസം വനം വകുപ്പ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും വാഹനം നിർത്തിയില്ല. തുടർന്ന് ട്രക്കിന്‍റെ ടയറിന് ഉദ്യോഗസ്ഥർ വെടിവെച്ചു. തുടര്‍ന്ന് വാഹനത്തിന്‍റെ ഡ്രൈവറടക്കം മൂന്ന് പേരെ അസം വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. എന്നാൽ സംഘത്തിലുണ്ടായിരുന്ന മറ്റ് ചിലർ ഓടി രക്ഷപ്പെട്ടു.

പിന്നീട്, വൈകീട്ട് അഞ്ച് മണിയോടെ ഒരു വലിയ ആൾക്കൂട്ടം സംഘടിച്ച് സംഭവ സ്ഥലത്തെത്തിയെന്നും പിടികൂടിയെവരെ വിട്ട് കിട്ടണമെന്നും ആവശ്യപ്പെട്ടെന്ന് അസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് ഈ ആള്‍ക്കൂട്ടം അസം വനം വകുപ്പ് ഉദ്യോസ്ഥരെ തടഞ്ഞ് വച്ചു. ഇതോടെയാണ് സ്ഥലത്ത് വീണ്ടും വെടിവെപ്പുണ്ടായി. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അസം വനം വകുപ്പിലെ ഹോം ഗാർഡായ ബിദ്യാസിങ് ലഖ്തെയാണ് കൊല്ലപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥന്‍. എന്നാല്‍, ഇദ്ദേഹം ഏങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട മറ്റുള്ളവർ മേഘലായയിലെ ഖാസി സമുദായ അംഗങ്ങളാണ്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രദേശത്ത് വലിയ തോതിൽ ജനരോഷം ഉയർന്ന സാഹചര്യത്തിലാണ് ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്.

അസം – മേഘാലയ അതിർത്തി തർക്കത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. 1972-ൽ അസമിൽ നിന്ന് പുതിയൊരു സംസ്ഥാനമായി മാറിയ മേഘാലയ 1971-ലെ അതിര്‍ത്തികളില്‍ തര്‍ക്കം ഉന്നയിച്ചു. ഇതോടെ 884.9 കിലോമീറ്റർ അതിർത്തിയിലെ 12 പ്രദേശങ്ങളിൽ തർക്കങ്ങൾ ഉടലെടുത്തു. ഈ വർഷം മാർച്ചിൽ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മേഘാലയയിലെ കോൺറാഡ് സാങ്മയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ, 12 സ്ഥലങ്ങളിൽ ആറിലും തർക്കം പരിഹരിക്കാൻ നിര്‍ദ്ദേശിക്കുന്ന “ചരിത്രപരമായ” കരാറിൽ ഒപ്പുവച്ചു. അതിർത്തി തർക്കങ്ങളിൽ 70 ശതമാനവും പരിഹരിച്ചതായി അന്ന് അമിത് ഷാ അവകാശപ്പെട്ടിരുന്നു.