Friday
19 December 2025
29.8 C
Kerala
HomeArticlesഅമിതമായി വെള്ളം കുടിച്ചത് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായി; പുതിയ കണ്ടെത്തലുമായി പഠനം

അമിതമായി വെള്ളം കുടിച്ചത് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായി; പുതിയ കണ്ടെത്തലുമായി പഠനം

നടനും മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഐക്കണുമായ ബ്രൂസ് ലീ മരിച്ചിട്ട് 50 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ദുരൂഹമരണത്തിന് പിന്നിലുള്ള കാരണങ്ങള്‍ തേടി ഇന്നും ഗവേഷണങ്ങള്‍ നടന്നുവരികയാണ്. അമിതമായി വെള്ളം കുടിച്ചതാണ് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായതെന്ന് വിശദീകരിക്കുന്ന പഠനമാണ് ഇപ്പോള്‍ പുറത്തെത്തിയിക്കുന്നത്.

സ്‌പെയിനിലെ ഒരു കൂട്ടം വൃക്കരോഗ വിദഗ്ധരാണ് പഠനം നടത്തിയത്. 2022 ഡിസംബര്‍ മാസത്തിലെ ക്ലിനിക്കല്‍ കിഡ്‌നി ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. അമിതമായി വെള്ളം ശരീരത്തിനുള്ളില്‍ എത്തിയതിനാല്‍ വൃക്കയ്ക്ക് അവ പുറന്തള്ളാന്‍ സാധിക്കാതെ വന്നത് ബ്രൂസ് ലീയുടെ മരണത്തിലേക്ക് നയിച്ചെന്നാണ് പഠനം പറയുന്നത്.

സെറിബ്രല്‍ എഡിമയോ മസ്തിഷ്‌ക വീക്കമോ ആണ് ബ്രൂസ് ലീയുടെ മരണകാരണമെന്നാണ് അധികൃതര്‍ ആദ്യം വിലയിരുത്തിയത്. എന്നാല്‍ അപകടകരമായ വിധത്തില്‍ ബ്രൂസ് ലീ വെള്ളം കുടിച്ചത് അദ്ദേഹത്തെ ഹൈപ്പോനാട്രീമ എന്ന അവസ്ഥയിലെത്തിച്ചെന്നും ഇതാണ് മരണകാരണമായതെന്നും പുതിയ പഠനം പറയുന്നു. രക്തത്തിലെ സോഡിയം സാന്ദ്രത കുറഞ്ഞത് അപകടമുണ്ടാക്കിയെന്ന് ബ്രൂസ് ലീയുടെ മരണത്തെക്കുറിച്ച് നടന്ന പുതിയ പഠനം വിലയിരുത്തിയിരുന്നു. കഞ്ചാവ് പോലുള്ള വസ്തുക്കളുടെ ഉപയോഗം ദാഹം വര്‍ധിപ്പിച്ചിരിക്കാമെന്നും പഠനസംഘം വിലയിരുത്തുന്നു. ആന്തരാവയവങ്ങളിലേറ്റ മുറിവുകള്‍, മദ്യപാനം എന്നിവയും വൃക്കയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബീ വാട്ടര്‍ ബീ മൈ ഫ്രണ്ട് എന്ന ലീയുടെ പ്രശസ്തമായ വാക്കുകളേയും പഠനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. പ്രശസ്തിയുടെ കൊടിമുടിയില്‍ നില്‍ക്കുമ്പോള്‍ തന്റെ 32-ാം വയസിലാണ് ബ്രൂസ് ലീ മരിച്ചത്. 1973 ജൂലൈ മാസത്തിലായിരുന്നു ബ്രൂസ് ലീയുടെ അന്ത്യം. അമിതമായി വേദനസംഹാരികള്‍ കഴിച്ചതുമൂലം മസ്തിഷ്‌ക വീക്കമുണ്ടായതാണ് മരണകാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

RELATED ARTICLES

Most Popular

Recent Comments