‘തന്നെ കൊന്ന് കഷണങ്ങളാക്കുമെന്ന് അഫ്താബ് ഭീഷണിപ്പെടുത്തി’; രണ്ട് വർഷം മുൻപ് ശ്രദ്ധ പരാതിപ്പെട്ടിരുന്നെന്ന് പൊലീസ്

0
104

പങ്കാളി അഫ്താബ് പൂനവാലയ്ക്കെതിരെ രണ്ട് വർഷം മുൻപ് ശ്രദ്ധ വാൾക്കർ പരാതിപ്പെട്ടിരുന്നെന്ന് പൊലീസ്. അഫ്താബ് തന്നെ കൊന്ന് കഷണങ്ങളാക്കും എന്ന് ശ്രദ്ധ 2020 നവംബർ 23 ന് പരാതിപ്പെട്ടിരുന്നതായി പൊലീസ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലെ തുലിഞ്ജ് പൊലീസ് സ്റ്റേഷനിൽ ശ്രദ്ധ നൽകിയ പരാതി പുറത്തുവന്നിട്ടുണ്ട്. ഇന്ത്യ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

അഫ്താബ് തന്നോട് നിരന്തരം വഴക്കിടുകയും മർദിക്കുകയും ചെയ്യുകയാണെന്ന് ശ്രദ്ധ പരാതിയിൽ പറയുന്നു. കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്യുന്നു. തന്നെ കൊലപ്പെടുത്തി പല കഷണങ്ങളായി ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി. അവനെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കണമെന്ന കാര്യമോർത്താണ് അതൊക്കെ ക്ഷമിച്ചത്. എന്നാൽ ഇനി അയാൾക്കൊപ്പം ജീവിക്കാനാവില്ലെന്നും ശ്രദ്ധയുടെ പരാതിയിൽ പറയുന്നു. മർദനവിവരം അഫ്താബിൻ്റെ വീട്ടുകാർക്ക് അറിയാമെന്നും ശ്രദ്ധ പറയുന്നു. ശ്രദ്ധയുടെ സുഹൃത്താണ് ഈ പരാതി പുറത്തുവിട്ടത്.

അതേസമയം, ശ്രദ്ധ വധക്കേസിന്റെ അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു വിടണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാരനെയും കോടതി അതിരൂക്ഷമായി വിമർശിച്ചു. പബ്ലിസിറ്റി ലഭിക്കാൻ അനാവശ്യ ഹർജികൾ നൽകരുതെന്ന് വിമർശനം. “കോടതി ഒരു നിരീക്ഷണ ഏജൻസിയല്ല, പൊലീസ് അന്വേഷണം നടന്നുവരികയാണ്. പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം ഹർജികൾ നൽകരുത്. അന്വേഷണത്തെ തടസപ്പെടുത്താൻ അനുവദിക്കാനാവില്ല.”- ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.