Wednesday
17 December 2025
24.8 C
Kerala
HomeKeralaമോഡലിനെ പീഡിപ്പിച്ചത് മദ്യം നൽകി അബോധാവസ്ഥയിലാക്കി, ഒത്താശ ചെയ്തത് ഡിംപൾ;

മോഡലിനെ പീഡിപ്പിച്ചത് മദ്യം നൽകി അബോധാവസ്ഥയിലാക്കി, ഒത്താശ ചെയ്തത് ഡിംപൾ;

മോഡലായ 19കാരിയ പെൺകുട്ടിയെ കൊച്ചിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമെന്ന് പൊലീസ്. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയ്ക്ക് ഒപ്പമാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. സംഭവ ദിവസം വാഹനത്തിൽ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗമാണെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിക്കുന്നു. വാഹനത്തിൽ ഹോട്ടലിന് പുറത്ത് പാർക്കിംഗ് ഏരിയയിൽ വെച്ചും പൊതുനിരത്തിൽ വെച്ചും യുവതി പീഡിപ്പിക്കപ്പെട്ടു. എല്ലാത്തിനും പ്രതി ഡിംപളാണ് ഒത്താശ ചെയ്തതെന്നും പൊലീസ് പറയുന്നു.

അതിനിടെ ഡിംപളിന് വേണ്ടി കോടതിയിൽ രണ്ട് പേർ ഹാജരായത് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ ആളൂരും അഡ്വ അഫ്സലുമാണ് കോടതിയിൽ ഡിംപളിന് വേണ്ടി ഹാജരായത്. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ അഡ്വ അഫ്സലിനോട് അഡ്വ ആളൂർ ആവശ്യപ്പെട്ടു. ബഹളം വെക്കാൻ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓർമ്മിപ്പിച്ചു. അതിനിടെ താൻ കേസ് ഏൽപ്പിച്ചത് അഡ്വ അഫ്സലിനെയാണെന്ന് പ്രതിയായ ഡിംപൾ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകർ തമ്മിലെ വാക്കേറ്റം അവസാനിച്ചത്.

കേസിൽ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ വാദിച്ചു. എട്ട് സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് പരിഗണിച്ച എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. ഇവരുടെ ഫോണുകളടക്കം വരും ദിവസങ്ങളിൽ പരിശോധിക്കും.

കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി ഇരയുടെ സുഹൃത്ത് ഡോളി എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ മുൻപ് സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് തേടുന്നുണ്ട്. ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഡിംപൾ വിളിച്ചിട്ടാണ് ഹോട്ടലിൽ പോയതെന്നും ഹോട്ടലിൽ വച്ച് തനിക്ക് മയക്കുമരുന്ന് നൽകിയോയെന്ന് സംശയിക്കുന്നെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവശ നിലയി‍ലായ യുവതിയെ പ്രതികളുടെ വാഹനത്തിൽ കയറ്റിയത് ഡിംപളാണ്.

RELATED ARTICLES

Most Popular

Recent Comments