പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിച്ച കേസ്; മൂന്ന് അധ്യാപകർക്കും ജാമ്യം

0
127

തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കോടതിയിൽ ഹാജരാക്കിയ മൂന്ന് അധ്യാപകർക്കും ജാമ്യം അനുവദിച്ചു. തൃപ്പൂണിത്തുറ ജുഡീഷ്യൽ മജിസ്‌ട്രേറ് കോടതിയുടേതാണ് നടപടി. പ്രധാനാധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പീഡനവിവരം മറച്ചുവച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ​ഗസ്റ്റ് അധ്യാപകനായ കിരൺ വിദ്യാർഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് അറിഞ്ഞിട്ടും വിവരം പൊലീസിൽ അറിയിക്കാതെ മറച്ചുവച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.

കലോത്സവത്തിൽ പങ്കെടുത്തുവരുന്നതിനിടെ അധ്യാപകൻ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. അശ്ലീലമായ രീതിയിൽ സംസാരിക്കുകയും കുട്ടിയുടെ സ്വകാര്യ ഭാ​ഗങ്ങളിൽ കയറി പിടിക്കുകയുമായിരുന്നു. കുട്ടിയിത് സുഹൃത്തുക്കളോട് പറയുകയും സ്കൂളിലെ കൗൺസിലിങ് വഴി പുറത്തെത്തിക്കുകയുമായിരുന്നു. പോക്‌സോ ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.

പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് വിദ്യാർഥിനി പോയത്. രാത്രി വളരെ വൈകി കലോത്സവം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമമുണ്ടായത്. ലൈംഗികച്ചുവയോടെ സംസാരിച്ച അധ്യാപകൻ വിദ്യാർഥിനിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു.