ശ്രീനഗര്‍: 3 ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു

0
49

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് സായുധരായ മൂന്ന് ഹൈബ്രിഡ് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ ഷാല്‍തെങ്ങില്‍ പരിശോധന നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരരെ പിടികൂടുകയും അവരുടെ വാഹനത്തില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയുമായിരുന്നു.

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ രാവിലെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ ലഷ്‌കര്‍ ഇ തൊയ്ബ (എല്‍ഇടി) ഭീകരനെ വധിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹറയിലെ ചെക്കി ഡൂഡൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസും സൈനിക ഉദ്യോഗസ്ഥരും സംയുക്ത സംഘമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്.

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഒരു ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ച് ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. ശനിയാഴ്ചയാണ് ആയുധങ്ങളും വെടിക്കോപ്പുകളുമുളള ഭീകരന്റെ മൃതദേഹം കണ്ടെടുത്തത്.ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയില്‍ മൂന്ന് ഭീകരരെ വധിച്ച് വലിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു.

അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറയിലെ ചെക്കി ഡൂഡൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസും സൈനിക ഉദ്യോഗസ്ഥരും അടങ്ങുന്ന നിരവധി സംഘങ്ങള്‍ തെരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തിരച്ചിലിനിടെ സൈനിക-പോലീസ് സംഘാംഗങ്ങള്‍ സംശയാസ്പദമായ ഒളിത്താവളത്തില്‍ എത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കശ്മീരിലെ സുരക്ഷാ സേനയും രഹസ്യാന്വേഷണ ഏജന്‍സികളും ഹൈബ്രിഡ് ഭീകരരെ കൊടും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഒരു ഭീകരാക്രമണം നടത്താനും പിന്നീട് പതിവ് ജീവിതത്തിലേക്ക് കടക്കാനും പ്രാപ്തിയുളളവരാണ് ഈ തീവ്രവാദികള്‍. അവരുടെ അസൈന്‍മെന്റുകള്‍ക്കിടയില്‍ അവര്‍ സാധാരണ ജീവിതം നയിക്കും. സാധാരണ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നതിനാല്‍ തന്നെ അവരെ ട്രാക്ക് ചെയ്യാനും കണ്ടെത്താനും സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്.