ആദ്യ സന്ദർശനത്തിൽ തന്നെ യുക്രൈനിന് 50 മില്യൺ പൌണ്ടിൻറെ പ്രതിരോധ സഹായ വാഗ്ദാനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കീവിൽ യുക്രൈൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. യുക്രൈനുള്ള പിന്തുണ ബ്രിട്ടൻ ജനത തുടരുമെന്ന് വ്യക്തമാക്കിയ ഋഷി സുനക്, കീവിലെത്താൻ സാധിച്ചതിലുള്ള വികാരവും മറച്ച് വച്ചില്ല. യുദ്ധം തുടങ്ങിയ ആദ്യ ദിവസം മുതൽ യുകെ യുക്രൈൻറെ ഏറ്റവും ശക്തമായ സഖ്യരാജ്യമാണെന്ന് വ്ലോദിമിർ സെലൻസ്കി കൂടിക്കാഴ്ചയിൽ വിശദമാക്കി.
റഷ്യയുടെ വ്യോമാക്രമണം തടയാനായാണ് പ്രതിരോധ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. വിമാനങ്ങളെ തകർക്കാനുള്ള വെടിക്കോപ്പുകളും ഇറാൻ നൽകിയിട്ടുള്ള ഡ്രോണുകളെ തകർക്കാനുള്ള ടെക്നോളജി അടക്കമുള്ളതാണ് ബ്രിട്ടൻറെ പ്രതിരോധ സഹായം. യുക്രൈൻകാർക്കായുള്ള സൈനിക പരിശീലനം യുകെ കൂട്ടുമെന്നും ആർമി വൈദ്യ സംഘത്തേയും എൻജിനിയർമാരെയും അയക്കുമെന്നും ഋഷി സുനക് വിശദമാക്കി. യുകെ പ്രതിരോധ സെക്രട്ടറി യുക്രൈന് ആയിരം മിസൈൽ വേധ സംവിധാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേയാണ് ഋഷി സുനക് പ്രതിരോധ സഹായം പ്രഖ്യാപിച്ചത്.
യുക്രൈനിലെ സാധാരണക്കാർക്കെതിരെ പ്രയോഗിച്ച ഇറാൻ നിർമ്മിത ഡ്രോണുകളും ഋഷി സുനക് സന്ദർശനത്തിനിടെ കണ്ടു. യുക്രൈൻറെ യുദ്ധസ്മാരകവും ഋഷി സുനക് സന്ദർശിച്ചു. ഹീനമായ യുദ്ധമവസാനിപ്പിച്ച് നീതി നടപ്പിലാക്കാനായുള്ള യുക്രൈൻറെ പോരാട്ടത്തിനൊപ്പം യുകെ ഉണ്ടാവുമെന്ന് ഋഷി സുനക് ഉറപ്പ് നൽകി. യുക്രൈൻ സേന റഷ്യൻ സൈനികരെ തുരത്തിയോടിക്കുമ്പോൾ സാധാരണക്കാർ വ്യോമാക്രമണം കൊണ്ട് വലഞ്ഞിരിക്കുകയാണ്യ തണുപ്പ് കാലം വരാനിരിക്കെ മാനുഷിക പരിഗണനകൾ കൂടി കണക്കിലെടുത്താണ് പ്രതിരോധ സഹായമെന്നും ഋഷി സുനക് വ്യക്തമാക്കി. രാജ്യത്തിൻറെ അഭിമാനത്തിനും ജനാധിപത്യ സംരക്ഷണത്തിനുമായി പോരാടുന്ന യുക്രൈൻ ജനതയെ കാണാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഋഷി സുനക് പ്രതികരിച്ചു.
യുക്രൈൻറെ ഊർജ്ജ മേഖലയുടെ 50 ശതമാനത്തോളം റഷ്യൻ വ്യോമാക്രമണത്തിൽ തകർന്നിരിക്കുമ്പോഴാണ് ഋഷി സുനകിൻറെ പ്രതിരോധ സഹായമെത്തുന്നത്. വേൾഡ് ഫുഡ് പ്രോഗ്രാമിൻറേതായി 12 മില്യൺ പൌണ്ടിൻറെ സഹായവും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടേതായി 4 മില്യൺ പൌണ്ട് സഹായവും യുക്രൈന് നൽകുമെന്ന് ഋഷി സുനക് സന്ദർശനത്തിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്.