Wednesday
31 December 2025
27.8 C
Kerala
HomeIndiaമംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം ; ഭീകരാക്രമണമെന്ന്‌ പോലീസ്

മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം ; ഭീകരാക്രമണമെന്ന്‌ പോലീസ്

മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. സ്‌ഫോടനം ഭീകര പ്രവര്‍ത്തനമാണെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പറഞ്ഞു.’ഇപ്പോള്‍ ഇത് സ്ഥിരീകരിച്ചു. സ്ഫോടനം ആകസ്മികമായി ഉണ്ടായതല്ല, ഗുരുതരമായ നാശനഷ്ടം വരുത്താന്‍ ഉദ്ദേശിച്ചുള്ള ഭീകരപ്രവര്‍ത്തനമാണ്. കര്‍ണാടക പോലീസ് കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നു,’ ഡിജിപി ട്വീറ്റില്‍ പറഞ്ഞു.

ശനിയാഴ്ച്ചയാണ് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. ഡ്രൈവര്‍ക്കും യാത്രക്കാരനും പൊള്ളലേറ്റിരുന്നു. യാത്രക്കാരന്റെ ബാഗില്‍ എന്തോ ഉണ്ടായിരുന്നെന്നും അതാണ് തീപിടിത്തതിന് കാരണമായതെന്നുമാണ് ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്. അതേസമയം ഓട്ടോറിക്ഷയില്‍ സ്‌ഫോടനം നടന്നിട്ടില്ലെന്നും തീപിടിത്തമാണുണ്ടായതെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെ ന്നുമാണ് പോലീസ് നേരത്തെ പറഞ്ഞത്.സംഭവത്തിന് പിന്നിലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇപ്പോഴിതാ, സ്ഫോടനം ആകസ്മികമല്ലെന്നും ഗുരുതരമായ നാശനഷ്ടം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള ഭീകരാക്രമണമാണെന്നുമാണ് പോലീസ് സ്ഥിരീകരിക്കുന്നത്.കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം സംസ്ഥാന പൊലീസും സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്‌ഫോടനം നടന്ന സ്ഥലത്തുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയും മംഗലാപുരത്തേക്ക് എത്തിയിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അലോക് കുമാര്‍ ഉത്തരവിട്ടു. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന കുക്കറിനുള്ളില്‍ നിന്ന് നാല് ബാറ്ററികളും സര്‍ക്യൂട്ട് വയറുകളും കണ്ടെടുത്തു.അതേസമയം, സ്ഫോടനത്തില്‍ 50 ശതമാനം പൊള്ളലേറ്റ യാത്രക്കാരന്റെ ഐഡി കാര്‍ഡ് വഴി പ്രേം രാജ് കനോഗി എന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഐഡി കാര്‍ഡ് വ്യാജമാണെന്നാണ് കരുതുന്നത്. മംഗളൂരു റെയില്‍വേ ജംഗ്ഷന്‍ ഭാഗത്തുനിന്നു വരികയായിരുന്ന ഓട്ടോറിക്ഷയില്‍ നാഗൂരിയില്‍ നിന്നാണ് യാത്രക്കാരന്‍ കയറിയത്. ദുര്‍ഗ പരമേശ്വരി എന്നയാളുടെ പേരിലാണ് ഓട്ടോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments