ഇങ്ങനെയാണെങ്കിൽ ആരും എന്നെ വിളിക്കില്ല, നമുക്ക് ഇത് മതിയാക്കാം: അഭ്യർത്ഥനയുമായി ഷക്കീല

0
83

കോഴിക്കോട്ടെ പ്രമുഖ മോളിൽ വെച്ചു നടത്താനിരുന്ന ‘നല്ല സമയം’ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിന് മാൾ അധികൃതർ അനുമതി നിഷേധിച്ച വാർത്തകൾ സമൂഹമാധ്യമങ്ങളിലും പ്രമുഖ ചാനലുകളിലും ശ്രദ്ധേയമായിരിക്കെ അഭ്യർത്ഥനയുമായി നടി ഷക്കീല. വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കാമെന്നും മലയാളത്തിൽ ഇനിയും സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ഷക്കീല ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

‘നല്ല ഒരു ഓപ്പണിംഗ് കൊടുക്കാൻ വേണ്ടിയാണ് ഒമർ ലുലു എന്നെ വിളിച്ചത്. പക്ഷേ, അത് നടന്നില്ല. ഞാൻ ഇതുപോലെയുള്ള പരിപാടികളിൽ പങ്കെടുക്കാനായി ഏത് മാളിൽ എത്തിയാലും ബാരിക്കേഡുകൾ പോലെയുള്ള ചെലവേറിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാൽ ആരും പിന്നെ എന്നെ വിളിക്കില്ല. അതുകൊണ്ട് ദയവായി മനസിലാക്കണം. ഇത് ഒരിക്കലും പബ്ലിസിറ്റി സ്റ്റണ്ട് ആയി ആരും കാണരുത്’. ഷക്കീല വ്യക്തമാക്കി.

ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അടാർ ലൗ, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനാണ് മാൾ അധികൃതർ അനുമതി നിഷേധിച്ചത്. അവീന റിലീസ് മുഖേന ബംഗളുരു ആസ്ഥാനമായുള്ള ഷിമോഗ ഇന്ത്യ റിലീസാണ് ചിത്രം കേരളത്തിൽ റിലീസിന് എത്തിക്കുന്നത്. നവംബർ 24ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ഇർഷാദ് അലി നായകനാവുന്ന ചിത്രത്തിൽ നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ, സുവാ എന്നീ അഞ്ചു പുതുമുഖ നായികമാരെയാണ് ഒമർ ലുലു അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ വിജീഷ് വിജയൻ, ദാസേട്ടൻ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘ഫ്രീക്ക് ലുക്ക്’ എന്ന ഗാനം പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി ട്രെൻഡിങ്ങിലാണ്. പ്രവാസിയായ കളന്തൂർ ആണ് നിർമാതാവ്. സിനു സിദ്ധാർഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റതിൻ രാധാകൃഷ്ണനാണ്