മംഗളൂരു സ്‌ഫോടനത്തിന് പിന്നില്‍ മുന്‍ യുഎപിഎ കേസ് പ്രതി

0
70

മംഗളൂരുവില്‍ സ്‌ഫോടനം നടന്ന ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരന്‍ മുന്‍ യുഎപിഎ കേസ് പ്രതിയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ എത്തിയത്. ശിവമോഗ്ഗ സ്വദേശി ഷാരിഖ് എന്നയാളാണ് സ്‌ഫോടനത്തിന് പിന്നില്‍. 2020-ല്‍ ഇയാളെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഈ കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി. മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ മൈസൂരുവില്‍ വീട് വാടകക്കെടുത്തത്.

ശനിയാഴ്ച മംഗലാപുരത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. മംഗലാപുരത്ത് നിയമവിരുദ്ധമായി ചുവരെഴുത്തിയതിന് ഷാരിഖിനെതിരെ യുഎപിഎ പ്രകാരം നേരത്തെ കേസെടുത്തിരുന്നു. കേസില്‍ ഷാരിഖ് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. മാത്രവുമല്ല, ഒരു തീവ്രവാദക്കേസില്‍ ഷാരിഖ് ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് 5.10ന് ആണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ തീപിടിച്ച് സ്ഫോടനം ഉണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാരനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. വിശദമായ അന്വേഷണത്തില്‍ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായെതെന്ന് കണ്ടെത്തി. സ്ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് എന്നയാളാണ് യാത്രക്കാരന്‍.

ഈ വര്‍ഷം സെപ്റ്റംബറില്‍ ഭദ്രാവതിയില്‍ നിന്ന് മാസ്, യാസിന്‍ എന്നീ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും അവരുടെ വീട്ടില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. രണ്ട് പ്രതികളും മുഹമ്മദ് ഷാരീഖിന് വേണ്ടി ജോലി ചെയ്യുന്നവരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ശനിയാഴ്ച, ഷാരിഖ് മംഗളൂരുവിലെത്തി വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് സ്‌ഫോടന പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചുവെന്ന് ഉറവിടങ്ങള്‍ പറയുന്നു. സ്ഫോടനത്തില്‍ ഷാരിഖിനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. 40 ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇപ്പോള്‍ കങ്കനാടിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.