ശ്രദ്ധ വാല്‍ക്കര്‍ വധക്കേസില്‍ അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പോലീസ്

0
115

പ്രമാദമായ ശ്രദ്ധ വാല്‍ക്കര്‍ വധക്കേസില്‍ അന്വേഷണം കൂടുതല്‍, ഊര്‍ജ്ജിതമാക്കിയിരിയ്ക്കുകയാണ് ഡല്‍ഹി പോലീസ്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് സംഘം മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തുകയാണ്.

അന്വേഷണത്തിന്‍റെ ഭാഗമായി ഡല്‍ഹി പോലീസ് അഫ്താബിന്‍റെ സുഹൃത്തുക്കളേയും മുന്‍ സഹ പ്രവര്‍ത്തകരെയും ചോദ്യം ചെയ്തിരുന്നു. ഇവരില്‍ ചിലര്‍ 2020 ല്‍ അഫ്താബ് പൂനാവല്ലയുടെ ആക്രമണത്തിന് ഇരയായ അവസരത്തില്‍ ശ്രദ്ധ വാല്‍ക്കർ സഹായം തേടിയവരാണ്. ഇവരുടെ മൊഴി മഹാരാഷ്ട്രയിലെ പാൽഘറിൽ ഡൽഹി പോലീസ് സംഘം ശനിയാഴ്ച രേഖപ്പെടുത്തി. ഈ സംഘം മൊഴി രേഖപ്പെടുത്തിയ രണ്ട് പേരില്‍ ഒരാൾ ശ്രദ്ധ ജോലി ചെയ്തിരുന്ന മുംബൈയിലെ കോൾ സെന്‍ററിന്‍റെ മുൻ മാനേജരും മറ്റൊരാൾ സുഹൃത്തുമാണ്.

അതേസമയം, അഫ്താബ് പൂനാവല്ലയുടെ കുടുംബാംഗങ്ങൾക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കൊലപാതക വാര്‍ത്ത പുറത്തുവന്നതോടെ മുംബൈയ്ക്ക് സമീപം മീരാ റോഡിലുള്ള കെട്ടിടത്തിൽ നിന്ന് ഇവര്‍ അജ്ഞാത സ്ഥലത്തേക്ക് രക്ഷപ്പെട്ടതായും ഇവരെ കണ്ടെത്താനായില്ലെന്നും ലോക്കൽ പോലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് കുടുംബം ഈ കെട്ടിടത്തിൽ താമസിക്കാനെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

കേസന്വേഷണത്തിന്‍റെ ഭാഗമായി അഫ്താബിനെ നാര്‍ക്കോ ടെസ്റ്റിന് വിധേയമാക്കാനുള്ള അനുമതി ഡല്‍ഹി പോലീസിന് ലഭിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ലഭിക്കുന്ന വിവരങ്ങള്‍ കേസന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ സഹായിയ്ക്കും എന്നാണ് പോലീസ് കരുതുന്നത്.

കഴിഞ്ഞ മെയ്‌ 18 നാണ് മുംബൈ നിവാസിയായ ശ്രദ്ധ വാല്‍ക്കര്‍ ഡല്‍ഹിയില്‍ അതി ദാരുണമായി കൊല ചെയ്യപ്പെടുന്നത്. ശ്രദ്ധയെ കഴുത്തുഞെരിച്ചു കൊന്ന അഫ്താബ് ശരീരം 35 കഷണങ്ങളാക്കി മുറിച്ച് 18 ഇടങ്ങളില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്.