ഡൽഹിയിൽ ഒരു യുവതിയെ തന്റെ പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയ വാർത്ത രാജ്യമെമ്പാടും ഞെട്ടലുണ്ടാക്കിയതിന് പിന്നാലെ അയൽ സംസ്ഥാനമായ ഉത്തർപ്രദേശിൽ നിന്ന് മറ്റൊരു സമാന സംഭവം കൂടി റിപ്പോർട്ട് ചെയ്‌തു. മഥുര ജില്ലയിലെ യമുന എക്‌സ്‌പ്രസ് വേയുടെ സർവീസ് റോഡിൽ സൂക്ഷിച്ചിരുന്ന ട്രോളി ബാഗിനുള്ളിൽ നിറച്ച നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് വെള്ളിയാഴ്‌ച അറിയിച്ചു. പോളിത്തീൻ ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
എന്നാൽ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഏകദേശം 22 വയസ് പ്രായം വരുന്ന യുവതിക്ക് അഞ്ചടി രണ്ടിഞ്ച് ഉയരമുണ്ടെന്ന് റൂറൽ പോലീസ് സൂപ്രണ്ട് ത്രിഗുൺ ബിസെൻ മാധ്യമങ്ങളോട് പറഞ്ഞു. യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിനുള്ളിൽ തിരുകിക്കയറ്റിയതാകാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്.
യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സമീപ ജില്ലകളിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും അയച്ചിട്ടുണ്ടെന്ന് സർക്കിൾ ഓഫീസർ അലോക് സിംഗ് പിടിഐയോട് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഇരയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.