ളാഹ അപകടം: പരിക്കേറ്റ എട്ട് വയസുകാരൻ്റെ ശസ്ത്രക്രിയ പൂർത്തിയായി

0
132

ളാഹയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ എട്ടു വയസുകാരന്‍ മണികണ്ഠനെ കോട്ടയം മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശരീരത്തിന്‍റെ പുറം ഭാഗത്തുണ്ടായ ക്ഷതം പരിഹരിക്കാനുളള ശസ്ത്രക്രിയയാണ് നടത്തിയത്. കുട്ടിയുടെ കരളിനും ശ്വാസകോശത്തിനും ക്ഷതമേറ്റിട്ടുണ്ട്. വലതു കാല്‍മുട്ടിനു പരുക്കുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കുട്ടി. മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ രാജശേഖരന്‍,രാജേഷ്,ഗോപി എന്നിവര്‍ക്ക് കൈയ്ക്കും കാലിനുമാണ് പരുക്കേറ്റിരിക്കുന്നത്. ഇവരും ചികില്‍സയിലാണ്. ശ്വാസതടസത്തെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട തരുണ്‍ എന്ന അയ്യപ്പനും നിരീക്ഷണത്തിലാണെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ട ളാഹയിൽ വച്ച് ശബരിമല തീ‍ർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തീർത്ഥാടകരെ വഴി തിരിച്ചുവിടും. പത്തനംതിട്ട ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ പുതുക്കടയിൽ നിന്ന് തിരിഞ്ഞു മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി എത്തി പോകണം. തിരിച്ചു വരുന്നവൻ പ്ലാപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് സീതത്തോട് മണക്കയം വഴി പുതുക്കട എത്തി തിരിഞ്ഞു പോകണം.

വിജയവാട വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തിൽപെട്ടത്. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 10 പേരോളം വാഹനത്തിൽ കുടുങ്ങി കിടന്നിരുന്നു. നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേർ വാഹനത്തിന് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേനയെത്തി വാഹനത്തിന്റെ ഭാ​ഗം മുറിച്ച് മാറ്റിയാൽ മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ. വിജയവാഡ വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തിൽപെട്ടത്.

അപകടത്തിൽ 18 പേർക്കാണ് പരിക്കേറ്റത് പരിക്കേറ്റ 10 പേരെ പെരുനാട് താലൂക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നേരത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മണികണ്ഠൻ എന്ന കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

മൊബൈൽ നെറ്റ് വർക്കിന് പ്രശ്നമുള്ള സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. അതിനാൽ തന്നെ അപകടം നടന്നത് പുറത്ത് അറിയാൻ വൈകിയെന്നാണ് ലഭിക്കുന്ന വിവരം. സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഈ വഴി യാത്ര സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നതായി കാണുന്നത്. തുടർന്ന് ബന്ധപ്പെട്ടവരെ വിളിച്ച് അറിയിക്കുകയായിരുന്നു.