അമേരിക്കയുടെ ഭീഷണിക്ക് ആണവായുധം ഉപയോഗിച്ച് മറുപടി നൽകുമെന്ന് കിം ജോങ് ഉൻ

0
125

അമേരിക്കയുടെ ഭീഷണിക്ക് ആണവായുധം ഉപയോഗിച്ച് മറുപടി നൽകുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്‌യാങ്ങിന്റെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിന് കിം നേരിട്ട് മേൽനോട്ടം വഹിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഉത്തരകൊറിയയെ ആണവ രാഷ്ട്രമായി പ്രഖ്യാപിച്ചതുമുതൽ, സംയുക്ത സൈനികാഭ്യാസമുൾപ്പെടെയുള്ള പ്രാദേശിക സുരക്ഷാ സഹകരണം വാഷിംഗ്ടൺ വർധിപ്പിച്ചിട്ടുണ്ട്.

തന്റെ മകൾക്കും ഭാര്യക്കുമൊപ്പം കിം വിക്ഷേപണത്തിൽ പങ്കെടുത്തതായും സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കിമ്മിന്റെ മക്കളെ കുറിച്ച് സംസ്ഥാന മാധ്യമങ്ങൾ പരാമർശിക്കുന്നത് വളരെ അപൂർവമാണ്. കഴിഞ്ഞ ദിവസമാണ് ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. മിസൈല്‍ പതിച്ചത് ജപ്പാന്‍റെ വടക്കന്‍ ദ്വീപിനടുത്താണ്. ഉത്തരകൊറിയുടെ ഈ മാസത്തെ രണ്ടാമത്തെ പ്രധാന ആയുധ പരീക്ഷണമാണിത്.

ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് വിക്ഷേപിക്കപ്പെട്ട മിസൈല്‍. വടക്കന്‍ കൊറിയ ഇതുവരെ പരീക്ഷണം നടത്തിയ ബാലിസ്‌റ്റിക് മിസൈലുകളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഈ പരീക്ഷണത്തിലൂടെ വടക്കന്‍ കൊറിയയുടെ ആണവ പ്രഹരശേഷി വര്‍ധിച്ചിരിക്കുകയാണ്.