കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ വിഐപി പരിഗണന. ഇതിന്റെ ദൃശ്യങ്ങൾ പുറത്തായി. സത്യേന്ദർ ജെയിന് വിഐപി പരിഗണന നൽകിയതിനെ തുടർന്ന് തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ അടുത്തിനെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ജയിലിനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
വീഡിയോ പഴയതാണെന്നാണ് തിഹാർ ജയിൽ വൃത്തങ്ങൾ നൽകുന്ന സൂചന. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജയിൽ ജീവനക്കാർക്കുമെതിരെ ജയിൽ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. സത്യേന്ദർ ജെയിന് ദേഹത്തും തലയിലും മസാജ് ചെയ്ത് നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 58 കാരനായ ഡൽഹി മന്ത്രിയെ മെയ് 30നാണ് അറസ്റ്റ് ചെയ്യുന്നത്.
സത്യേന്ദർ ജെയിന്റെ ജയിലിലെ ആഢംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തല മസാജ്, കാൽ മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ ജയിലിനുള്ളിൽ കഴിയുന്നതാണ് വീഡിയോ. മന്ത്രിയ്ക്ക് പ്രത്യേക ഭക്ഷണവും ജയിലിൽ നിന്നും ലഭിക്കുന്നുണ്ട്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോണങ്ങളെ ആംആദ്മി പാർട്ടി തള്ളിയിരുന്നു. കെജ്രിവാൾ അടക്കമുള്ളവർ ഇഡിയുടെ ആരോപണത്തിനെതിരെ രംഗത്തെത്തി. അടിസ്ഥാന രഹിതമായ ആരോപണമെന്നാണ് കെജ്രിവാൾ പറഞ്ഞത്. പിന്നാലെയാണ് ബിജെപി ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ആം ആദ്മി പാർട്ടി.