തലശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം.തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം. കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ജാമ്യം. അറസ്റ്റിലായി പതിനഞ്ചാം ദിവസമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്.
കേസിൽ തലശ്ശേരി പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചത് വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തലശ്ശേരി എസ്എച്ച്ഒ എം അനിലിനും ഗ്രേഡ് എസ്‌ഐമാർക്കും റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ വിമർശനമുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചിരുന്നു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. അതിന് പിന്നാലെ ഡിജിപി തന്നെ ഇതിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നാലെയാണ് റൂറൽ എസ്പി പിവി രാജീവ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരിക്കുന്നത്. പൊലീസിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ജാഗ്രതയോടെ കാര്യഗൗരവമായി വിഷയത്തെ സമീപിക്കുന്നതിൽ വീഴ്ച സംഭവിച്ചു.