Thursday
18 December 2025
24.8 C
Kerala
HomeKeralaഅതിഥിത്തൊഴിലാളിക്ക് പുതുജന്മമേകി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ

അതിഥിത്തൊഴിലാളിക്ക് പുതുജന്മമേകി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ

ജാർഖണ്ഡ് സ്വദേശിയായ അതിഥിത്തൊഴിലാളിക്ക് പുതുജന്മമേകി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ. മെഷീനിൽ കുടുങ്ങി ചതഞ്ഞരഞ്ഞ കൈ 5 മണിക്കൂർ നീണ്ട അതി സങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് വച്ചുപിടിപ്പിച്ചത്. കൈ ചലിപ്പിച്ച് തുടങ്ങിയ ഇരുപത്തൊന്നുകാരനായ യുവാവ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമായ യുവാവിനെ അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്ടർമാർ അറിയിച്ചു. കൃത്യ സമയത്ത് ഇടപെട്ട് അതിഥി തൊഴിലാളിക്ക് കൈകൾ വച്ചുപിടിപ്പിച്ച് രക്ഷിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ സംഘത്തെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഇക്കഴിഞ്ഞ ഒമ്പതിന് വൈകിട്ട് 6.15 ഓടെയാണ് അപകടത്തിൽപ്പെട്ട അതിഥിതൊഴിലാളിയെ മെഡിക്കൽ കോളജിലെത്തിച്ചത്. വലത് കൈയ്യിൽ ഇട്ടിരുന്ന വള മെഷീനിൽ കുടുങ്ങി കൈത്തണ്ടയിൽ വച്ച് ചതഞ്ഞരഞ്ഞ് വേർപെട്ട നിലയിലായിരുന്നു.

പ്ലാസ്റ്റിക് സർജറി,ഓർത്തോപീഡിക്സ്, അനസ്തീഷ്യ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സർജറി നടത്തിയത്. കൈയ്യിലെ പ്രധാന രണ്ട് രക്തക്കുഴലുകൾ,സ്പർശനശേഷി, ചലനശേഷി എന്നിവ നൽകുന്ന ഞരമ്പുകൾ,മറ്റ് ഞരമ്പുകൾ, മസിലുകൾ എന്നിവ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് മുഖേന വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമായി.

പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. കലേഷ് സദാശിവൻ, ഡോ. എൻ.പി. ലിഷ,ഡോ. എസ്.ആർ. ബൃന്ദ, ഡോ. ജെ.എ. ചാൾസ്, ഡോ. താര അഗസ്റ്റിൻ, ഡോ. സി. ആതിര,ഓർത്തോപീഡിക്സിലെ ഡോ. ഷിജു മജീദ്, ഡോ. ദ്രുതിഷ്, ഡോ. അർജൻ, ഡോ. പി ജിതിൻ, ഡോ. വി. ജിതിൻ, ഡോ. ഗോകുൽ,അനസ്തീഷ്യ വിഭാഗത്തിലെ ഡോ. അഞ്ജന മേനോൻ, ഡോ. ആതിര എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

RELATED ARTICLES

Most Popular

Recent Comments