കൊച്ചിയിൽ മോഡൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത്, മതിയായ ചികിത്സ ഉറപ്പാക്കും : മന്ത്രി വീണാ ജോർജ്

0
95

കൊച്ചിയിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. പെൺകുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഓടുന്ന കാറിലാണ് മോഡലിന് നേരെ അതിക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിലായി. കാറിനുള്ളിൽ വച്ച് മോഡലിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് മോഡലിന്റെ പരാതി. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്.

കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മോഡലിനെ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മോഡൽ.

യുവാക്കൾക്കൊപ്പം അറസ്റ്റിലായ യുവതി മോഡലിന്റെ സുഹൃത്താണെന്നാണ് ലഭ്യമാകുന്ന വിവരം. രാത്രി ബാറിൽ വച്ച് മദ്യപിച്ച് മോഡൽ കുഴഞ്ഞു വീണിരുന്നു. ഇന്ന് പുലർച്ചെ മോഡൽ മറ്റൊരു സുഹൃത്തിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

മദ്യ ലഹരിയിലാണ് പ്രതികൾ മോഡലിനെ ബലാത്സംഗം ചെയ്തത്. പബ്ബിൽ പ്രതികൾ നൽകിയത് വ്യാജ വിലാസമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പിടിയിലായ പ്രതികളെ സൗത്ത് സ്റ്റേഷനിലെത്തിച്ചു.