ഭീമാ കൊറേഗാവ് കേസിൽ യുഎപിഎ കുറ്റം ചുമത്തപ്പെട്ട ഗൗതം നവലഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാനുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന് എൻഐഎ. രോഗാവസ്ഥ പരിഗണിച്ചു, കഴിഞ്ഞ ആഴ്ചയാണ് മനുഷ്യാവകാശ പ്രവർത്തകനായ നവലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രിംകോടതി അനുമതി നൽകിയത്.
എന്നാൽ കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് തയാറാക്കിയ ആശുപത്രിയിയിലെ മുതിർന്ന ഡോക്ടർ നവലാഖയുടെ ബന്ധു ആന്നെന്നു എൻഐഎ ഹർജിയിൽ ആരോപിക്കുന്നു.വീട്ടുതടങ്കലിനായി കണ്ടെത്തിയ കെട്ടിടം കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള പൊതുവായനശാല ആണെന്നത് ഉത്തരവ് റദ്ദാക്കാനുള്ള കാരണമായി എൻഐഎ ചൂണ്ടികാട്ടുന്നു.
ഗൗതം നാവ്‍ലാഖ 2018 ഓഗസ്റ്റിൽ മുതൽ ജയിലിൽ കഴിയുകയാണ്. ത്വക്ക് അലർജി, ദന്ത പ്രശ്നങ്ങൾ എന്നിവയടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ തനിക്കുണ്ടെന്ന് നവ്‌ലാഖ കോടതിയെ അറിയിച്ചിരുന്നു. കാൻസർ സംശയിക്കുന്നതിനാൽ കൊളോനോസ്കോപ്പിക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
2018 ജനുവരി 1 ന് ഭീമ കൊറേഗാവിൽ ദലിത് വിജയാഘോഷ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ ഒരു ദലിത് യുവാവ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതാണ് കേസ്.