ന്യൂയോർക്കിൽ ഹൃദ്‌രോഗം മൂലം അൻപത്തൊൻപതുകാരനായ പിതാവ് മരിച്ചതിന് പിന്നാലെ പട്ടിണി കിടന്ന് 2 വയസുകാരൻ മരിച്ചു. ഡേവിഡ് കോൺഡേ എന്ന 59കാരനും രണ്ട് വയസുള്ള മകൻ ഡേവിഡ് കോൺഡേ ജൂനിയറിനേയും കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോർക്കിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡേവിഡിൻറേത് ഹൃദയസംബന്ധിയായ തകരാറുകളേ തുടർന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിന് പിന്നാലെ മകന് ഭക്ഷണം ലഭിക്കാതെ പട്ടിണി മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2019 ഒക്ടോബർ 29നാണ് ഡേവിഡ് ജൂനിയർ ജനിച്ചത്. ജനന സമയത്തെ ചില തകരാറുകൾ മൂലം അടുത്തിടെ മാത്രമായിരുന്നു ഡേവിഡ് ജൂനിയർ നടക്കാൻ ആരംഭിച്ചത്. നിരവധി ശസ്ത്രക്രിയകൾക്കും പരിശീലനത്തിനും ശേഷമായിരുന്നു ഇത്. സ്ഥിരമായുള്ള പരിശോധനകൾക്ക് മകനുമായി എത്താറുള്ള ഡേവിഡിനെ കാണാതെ വന്നതിനേ തുടർന്ന് പൊലീസ് വിട്ടീലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ മൽപ്പിടുത്തമോ മറ്റ് ആക്രമണമോ അടയാളങ്ങളും കാണാനില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ മരണത്തിൽ പ്രത്യേക അന്വേഷണം നടന്നത്. അപാർട്ട്മെൻറിലെ കിടപ്പുമുറിയിലായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തുന്നതിന് രണ്ട് ദിവസം മുൻപായിരിക്കാം മരണം സംഭവിച്ചതെന്നാണ് വിലയിരുത്തൽ. അമ്മ, അമ്മയുടെ അമ്മ, ആറ് സഹോദരന്മാർ എന്നിവരടങ്ങുന്നതാണ് ഡേവിഡിൻറെ കുടുംബം.