സന്ധ്യ ദേവനാഥനെ മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റായി നിയമിച്ചു

0
44

തുടരുന്ന കൂട്ട പിരിച്ചുവിടലുകൾക്ക് ഇടയിലും മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റായി സന്ധ്യ ദേവനാഥനെ നിയമിച്ചു. 2023 ജനുവരി 1 മുതൽ അവർ ചുമതലയേൽക്കും, മെറ്റാ എപിഎസി വൈസ് പ്രസിഡന്റ് ഡാൻ നിയറിക്ക് കീഴിലായിരിക്കും നിയമനം. നിലവിൽ ഇന്ത്യക്ക് പുറത്തുള്ള ഇവർ രാജ്യത്ത് വൈകാതെ തിരിച്ചെത്തും.

മെറ്റയുടെ ഇന്ത്യയിലെ ബിസിനസിന്റെ ദീർഘകാല വളർച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം പങ്കാളികളെയും ക്ലയന്റുകളെയും സഹായിക്കുന്നതിന് ഓർഗനൈസേഷന്റെ ബിസിനസ്‌, വരുമാന മുൻഗണനകൾ ഒരുമിച്ച് കൊണ്ടുവരുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മെറ്റ വൃത്തങ്ങൾ പറയുന്നു.

കമ്പനിയുടെ ഇന്ത്യയിലെ വരുമാന വളർച്ചയ്ക്ക് മുൻനിര ബ്രാൻഡുകൾ, പരസ്യദാതാക്കൾ, സ്രഷ്‌ടാക്കൾ, പങ്കാളികൾ എന്നിവരുമായി തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇവർ ശ്രദ്ധ കേന്ദ്രീകരിക്കും. ബാങ്കിംഗ്, പേയ്‌മെന്റ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് സന്ധ്യ രാജേന്ദ്രൻ.

2016ൽ മെറ്റയിൽ എത്തിയ ഇവർ കമ്പനിയുടെ സിംഗപ്പൂർ, വിയറ്റ്നാം ബിസിനസുകളും തെക്കുകിഴക്കൻ ഏഷ്യയിലെ ഇ-കൊമേഴ്‌സ് സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ആഗോളതലത്തിൽ മെറ്റയുടെ ഏറ്റവും വലിയ വെർട്ടിക്കലായ ഗെയിമിംഗ് വെർട്ടിക്കലിന് ഇവർ നേതൃത്വം നൽകിയിരുന്നു.

“അസാധാരണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ടീമുകൾ കെട്ടിപ്പടുക്കൽ, ഉൽപ്പന്ന നവീകരണത്തിന് നേതൃത്വം നൽകൽ, ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കൽ എന്നിവയിൽ സന്ധ്യയ്ക്ക് തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡുണ്ട്” സന്ധ്യ ദേവനാഥന്റെ നിയമനത്തെക്കുറിച്ച് മെറ്റാ ചീഫ് ബിസിനസ് ഓഫീസർ മാർനെ ലെവിൻ പ്രതികരിച്ചു.

ആഗോള തലത്തിൽ മെറ്റാ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യത്തിലാണ് ദേവനാഥന്റെ നിയമനം ഉണ്ടായിരിക്കുന്നത്. ഈ ആഴ്‌ച ആദ്യം 11,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു, നിരവധി ഇന്ത്യക്കാരെയാണ് ഇത് ബാധിച്ചത്.