എൽപിജി സിലിണ്ടറിൽ ഇനി മുതൽ ക്യുആർ കോഡ്; പ്രയോജനങ്ങൾ അറിയാം

0
87

ഇനി മുതൽ രാജ്യത്ത് വിപണനം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകളിൽ ക്യുആർ കോഡുകൾ ഉണ്ടാകും. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, സൗകര്യം കണക്കിലെടുത്തുമാണ് പുതിയ നടപടി. ഏജൻസികളിൽ നിന്നു വീടുകളിൽ എത്തുന്ന ഗ്യാസ് സിലണ്ടറുകളുടെ തൂക്കം പരസ്യം ചെയ്തതിനേക്കാൾ 1- 2 കിലോഗ്രാം കുറവാണെന്ന പരാതി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.

സർക്കാരും, ബന്ധപ്പെട്ട അധികൃതരും പല തരത്തിൽ ഇടപെട്ടിട്ടും ഈ പരാതിക്ക് ശാശ്വത പരിഹാരം കാണാൻ സാധിച്ചിട്ടില്ല. ഗ്യാസ് മോഷണം, ഗ്യാസ് സിലിണ്ടർ മോഷണം എന്നിവയ്ക്കു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം സർക്കാർ നടപ്പാക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ന്യൂജെൻ എൽപിജി സിലിണ്ടർ

രാജ്യത്ത് എൽപിജി സിലിണ്ടറുകളിൽ ക്യൂആർ കോഡ് പതിക്കാനുള്ള തിരുമാനം കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് വ്യക്തമാക്കിയത്. ആധാർ കാർഡിനോട് സാമ്യമുള്ളതാകും ഈ ക്യൂആർ. ഇതുവഴി ഗ്യാസ് സിലിണ്ടറും, അതിലെ വാതകത്തിന്റെ അളവും സാധാരണക്കാർക്ക് മനസിലാക്കാൻ സാധിക്കും. വിപണനത്തിന്റെ വിവിധ ഘട്ടങ്ങളിൽ വാതക ചോർച്ചയുണ്ടായാൽ അതു ഫലപ്രദമായി മനസിലാക്കാനും ഇതു സാഹയിക്കും.

2022ലെ ലോക എൽപിജി വാരാചരണത്തോടനുബന്ധിച്ച്, എല്ലാ എൽപിജി സിലിണ്ടറുകളിലും ഉടൻ തന്നെ ക്യുആർ കോഡുകൾ സജ്ജീകരിക്കുമെന്ന് ഹർദീപ് സിങ് പുരി പറഞ്ഞു. പദ്ധതി സർക്കാരിന്റെ പരിഗണനയിലാണെന്നും, മൂന്നു മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണു ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യൂആർ കോഡ് പതിച്ച മെറ്റൽ സ്റ്റിക്കർ എല്ലാ സമയത്തും സിലിണ്ടറിൽ ഘടിപ്പിക്കുന്ന തരത്തിലാകും. ക്യുആർ കോഡുകൾ ഇല്ലാത്ത സിലിണ്ടറുകൾ ഉപയോക്താക്കൾക്കു നിരസിക്കാൻ അ‌വകാശം ഉണ്ടാകുമെന്നാണു സൂചന.

പ്രയോജനങ്ങൾ എന്തെല്ലാം

ക്യുആർ കോഡുള്ള സിലിണ്ടർ ട്രാക്ക് ചെയ്യുക എളുപ്പമാകും. ഗ്യാസ് മോഷണങ്ങൾ മുമ്പ് കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ ക്യുആർ കോഡ് പതിക്കുന്നതോടെ വിതരണത്തിന്റെ ഏതു ഘട്ടത്തിൽ വാതക ചോർച്ചയുണ്ടായെന്നു കൃത്യമായി അറിയാൻ സാധിക്കും. കൂടാതെ സിലിണ്ടറുകൾ മോഷണം പോകുന്നതും, വ്യാജ സിലിണ്ടറുകൾ ഉപയോഗിച്ചു മാറ്റുന്നതും തടയാനാകും. വിതരണത്തിന്റെ ഓരോ ഘട്ടത്തിലും സിലിണ്ടറുകൾ ചെക്ക് ചെയ്ത് ക്യുആർ കോഡുമായി ഒത്തുനോക്കിയ ശേഷമാകും ഉപയോക്താവിലെത്തുക.

എത്ര തവണ സിലിണ്ടറിൽ ഗ്യാസ് റീഫിൽ ചെയ്തു, റീഫില്ലിംഗ് സ്റ്റേഷനിൽ നിന്ന് വീടുകളിലേക്ക് ഗ്യാസ് എത്താൻ എത്ര സമയം എടുത്തു, ഏതു ഡീലറാണ് ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തത്, ഗാർഹിക സിലിണ്ടർ വാണിജ്യ ആവശ്യങ്ങൾക്കു ദുരുപയോഗം ചെയ്യുന്നുണ്ടോ തുടങ്ങി നിരവധി കാര്യങ്ങൾ ക്യൂആർ കോഡ് വഴി അറിയാൻ സാധിക്കും.