ഇന്ത്യയിലെ ജി20 ഉച്ചകോടി: യുപിയിൽ വേദിയാവുക നാല് നഗരങ്ങൾ

0
63

ജി20 അദ്ധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുത്തിരിക്കുകയാണ്. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അദ്ധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. അടുത്ത ജി20 ഉച്ചകോടിയുടെ യോഗങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ നടക്കും. അടുത്ത വർഷം(2023) സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന ജി20 രാജ്യങ്ങളുടെ ദ്വിദിന യോഗത്തിന് ആഗ്ര ആതിഥേയത്വം വഹിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് പുറമെ ലഖ്നൗ, വാരണാസി, നോയിഡ എന്നിവിടങ്ങളിലും യോഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ഒരുക്കങ്ങൾ പ്രാദേശിക ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ജി20 പ്രതിനിധികൾക്ക് താജ്മഹൽ, ആഗ്ര ഫോർട്ട്, സിക്കന്ദ്ര, ഫത്തേപൂർ സിക്രി, കൂടാതെ മിർസ സഫർ ഖാന്റെ ശവകുടീരം എന്നിവ സന്ദർശിക്കാമെന്ന് ആഗ്ര ഭരണകൂടത്തിന്റെ വൃത്തങ്ങൾ അറിയിച്ചു.

ജി20 പ്രതിനിധികൾ ഈ സ്മാരകങ്ങളിലേക്കുള്ള സന്ദർശനം സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഒരു കത്ത് ലഭിച്ചിട്ടുണ്ട്. സ്മാരകങ്ങളിലെ ക്രമീകരണങ്ങൾ അടയാളപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് കത്തിലുള്ളത്. ജി 20 ഉച്ചകോടിക്കിടെ രാജ്യത്തുടനീളം 200 ഓളം പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഒരു എഎസ്‌ഐ ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡേയോട് പറഞ്ഞു.

സാംസ്‌കാരിക സംഘത്തിന്റെ യോഗം ആഗ്രയിൽ നടക്കുമെന്നാണ് സൂചന. ജി20 മീറ്റിംഗ് ലോക വേദിയിൽ ആഗ്രയെയും അതിന്റെ സ്മാരകങ്ങളെയും ഉയർത്തിക്കാട്ടുമെന്നും നഗരത്തിന്റെ ടൂറിസ്റ്റ് വ്യാപാരത്തിന് ഗണ്യമായ വരുമാനം ലഭിക്കുമെന്നും ആഗ്ര ടൂറിസ്റ്റ് വെൽഫെയർ ചേംബർ സെക്രട്ടറി വിശാൽ ശർമ്മ പറഞ്ഞു.