ചീപ്പെടുക്കൂ, പേനിനെ തുരത്തൂ; ഗവേഷകര്‍ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള സമ്പൂര്‍ണ വാചകം

0
98

‘നിങ്ങളുടെ മുടിയിലും താടിരോമങ്ങളിലും വസിക്കുന്ന പേനുകളെ പിഴുതെറിയാന്‍ ഈ ചീപ്പ് സഹായിക്കട്ടെ’ കൗതുകകരമായ ഈ പരസ്യവാചകം അക്ഷരാര്‍ത്ഥത്തില്‍ ഭാഷയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇതുവരെ കണ്ടെത്തിയതില്‍ അക്ഷരങ്ങളില്‍ എഴുതിയ ഏറ്റവും പഴക്കമുള്ള സമ്പൂര്‍ണവാചകമാണിത്. ഇസ്രായേലില്‍ നിന്നുമാണ് ലോകത്ത് അക്ഷരങ്ങള്‍ ഉപയോഗിച്ച് ഏറ്റവും പഴയ ലിപിയില്‍ എഴുതപ്പെട്ട ഈ സമ്പൂര്‍ണ വാചകം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. ആനക്കൊമ്പ് കൊണ്ട് നിര്‍മ്മിച്ച ഒരു ചീപ്പിലാണ് 3,800 വര്‍ഷം പഴക്കമുള്ള ഈ വാചകം രേഖപ്പെടുത്തിയിട്ടുള്ളത്.

“ആദ്യം തള്ളവിരലിനോളം മാത്രം വലുപ്പമുള്ള ഒരു ചീപ്പ് കണ്ടെത്തുക, അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷം അതില്‍ അപ്രതീക്ഷിതമായി ഒരു ലിഖിതം കണ്ടെത്തുക. ഞങ്ങളെയെല്ലാം ആവേശത്തിലാക്കിയ ഒരു കണ്ടെത്തലായിരുന്നു ഇത്”. ട്വന്റിഫോറിന് അനുവദിച്ച എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ പുരാവസ്തു ഗവേഷകന്‍ പ്രഫസര്‍ മൈക്കള്‍ ഹാസല്‍ ലിഖിതം കണ്ടെത്തിയ നിമിഷത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്. ഒരു ഫോണിലെടുത്ത ചിത്രം സൂം ചെയ്ത് നോക്കിയപ്പോള്‍ അതില്‍ എന്തൊക്കെയോ കൊത്തിവച്ചതായി തോന്നി. ഈ ചിത്രമാണ് കണ്ടെത്തലില്‍ നിര്‍ണായകമായതെന്ന് മൈക്കള്‍ ഹാസല്‍ പറഞ്ഞു.

മൊഹെന്‍ജൊദാരോ, മെസപൊട്ടോമിയ എന്നീ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്ന് അക്ഷരങ്ങളും വാക്കുകളും ഖനനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര പഴക്കമുള്ള ഒരു സമ്പൂര്‍ണ വാക്യം ഗവേഷകര്‍ കണ്ടെത്തുന്നത്. 90 വര്‍ഷമായി പുരാവസ്തു ഖനനം നടക്കുന്ന ഇസ്രായേലിലെ ലേകിഷ് എന്ന സ്ഥലത്തുനിന്നാണ് ഈ കണ്ടെത്തല്‍. അമേരിക്കയിലെ സതേണ്‍ അഡ്വെന്റിസ് യൂണിവേഴ്‌സിറ്റിയും ഇസ്രായേലിലെ ഹീബ്രു യൂണിവേഴ്‌സിറ്റി ഓഫ് ജെറുസലേമും സംയുക്തമായി നടത്തിയ ഖനനത്തിലാണ് ഒരു തള്ളവിരലിന്റെ വലുപ്പം മാത്രമുള്ള ഈ ചീപ്പ് കണ്ടെത്തുന്നത്.

ആനക്കൊമ്പുകൊണ്ട് നിര്‍മിച്ച ഈ ചീപ്പിന്റെ കണ്ടുപിടിത്തം തന്നെ ഏറെ കൗതുകമുള്ളതാണ്. രണ്ട് വിധത്തിലുള്ള പല്ലുകളാണ് ചീപ്പിലുണ്ടായിരുന്നത്. വലിയ പല്ലുകള്‍ മുടി ചീകിയൊതുക്കാനും ചെറിയ പല്ലുകള്‍ പേനുകളെ പുറത്തെടുക്കാനുമാണ് ഉപയോഗിച്ചിരുന്നത്. അഞ്ചര വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചീപ്പ് കണ്ടെത്തുമ്പോള്‍ ചീപ്പില്‍ പേനിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ചീപ്പ് ആനക്കൊമ്പുകൊണ്ട് നിര്‍മിച്ചതാണെന്നതും ഹാരപ്പന്‍ കാലം മുതല്‍ ഇന്ത്യയില്‍ നിന്ന് ആനക്കൊമ്പുകള്‍ കച്ചവടം ചെയ്തിരുന്നുവെന്ന വസ്തുതയും കണക്കിലെടുക്കുമ്പോള്‍ ഇത് ഇന്ത്യയില്‍ നിന്ന് എത്തിയതാകാനുള്ള സാധ്യത മൈക്കള്‍ ഹാസല്‍ തള്ളിക്കളയുന്നില്ല. ഒരു ആഡംബര വസ്തു എന്ന നിലയില്‍ വിദൂര സ്ഥലങ്ങളില്‍ നിന്നാണ് ആനകൊമ്പ് എത്തിയിരുന്നത്. പുരാതന കാലത്തെ ഈ കച്ചവടത്തിന്റെ വ്യാപ്തിയാണ് ഗവേഷകര്‍ അന്വേഷിക്കുന്നതെന്നും മൈക്കള്‍ ഹാസല്‍ പറഞ്ഞു.