പത്ത് വയസുകാരന്റെ കൈത്തണ്ടയിൽ ടാറ്റൂ ചെയ്തു; മാതാവും ടാറ്റൂ ആർട്ടിസ്റ്റും അറസ്റ്റിൽ

0
30

പത്ത് വയസുകാരന് ടാറ്റൂ അടിപ്പിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ന്യൂയോർക്കിലെ ഹൈലാൻഡിലാണ് സംഭവം. പ്രാഥമിക വിദ്യാലയത്തിൽ പഠിക്കുന്ന 10 വയസുകാരനായ ആൺകുട്ടി, സ്‌കൂളിലെ നഴ്‌സിങ് ഓഫീസിലെത്തി വാസ്‌ലിൻ ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയിൽ ടാറ്റൂ അടിച്ചത് ശ്രദ്ധിക്കുന്നത്. തുടർന്ന് നഴ്‌സ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അമ്മയുടെ അനുമതിയോടെ അയൽവാസിയാണ് കയ്യിൽ ടാറ്റൂ അടിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളുടെ അനുമതിയോടെയോ അല്ലാതെയോ ടാറ്റൂ അടിക്കുന്നതിൽ നിന്ന് 18 വയസിൽ താഴെയുള്ള കുട്ടികളെ വിലക്കുന്നതാണ് ന്യൂയോർക്കിലെ നിയമം. സംഭവത്തിൽ കുട്ടിയുടെ അമ്മ ക്രിസ്റ്റൽ തോമസ്(33), ലൈസൻസില്ലാത്തതിന് ടാറ്റൂ ആർട്ടിസ്റ്റ് ഓസ്റ്റിൻ സ്മിത്ത് (20) എന്നിവർ അറസ്റ്റിലായി.

കുട്ടിയുടെ കയ്യിലെ ടാറ്റൂ ചിത്രം സോഷ്യൽ മിഡിയയിലും വാർത്തകളിലും നിറഞ്ഞതോടെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു. ടാറ്റൂ ചെയ്യുന്ന പ്രായത്തിൽ മിനിമം പ്രായം ബാധകമല്ലെങ്കിലും ചില സംസ്ഥാനങ്ങളിൽ അത് വ്യാത്യാസപ്പെട്ടിരിക്കുന്നുവെന്ന് ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ന്യൂയോർക്കിൽ 18 വയസിന് താഴെയുള്ളവർ ടാറ്റൂ അടിക്കുന്നതിന് കർശന വിലക്കുണ്ട്. അതേസമയം യുഎസിൽ ഒഹായോ, വെസ്റ്റ് വെർജിനിയ, വെർമണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ കുട്ടികൾക്ക് മാതാപിതാക്കളുടെ അനുമതിയോടെ ടാറ്റൂ ചെയ്യാം.

അതിനിടെ കുട്ടികൾ ടാറ്റൂ ചെയ്യുന്നത് അനുവദിക്കുന്ന നിയമം പുനപരിശോധിക്കണമെന്ന് ഡോ. കോറ ബ്രൂണർ പറയുന്നു. വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടൺ മെഡിക്കൽ സെന്ററിലെ പീഡിയാട്രീഷ്യനും പ്രൊഫസറുമാണ് ഡോ. കോറ ബ്രൂണർ. 18 വയസാകുന്നതിന് മുൻപ് കുട്ടികൾക്ക് സ്വയം തീരുമാനമെടുക്കാൻ കഴിയില്ലെന്നും ശരീരത്തിൽ ആജീവനാന്തമുള്ള അടയാളമാണ് ടാറ്റൂ എന്നും കോറ ബ്രൂണർ പറഞ്ഞു.

ന്യൂയോർക്കിൽ 2018ലും 10വയസിന് താഴെയുള്ള കുട്ടിക്ക് വീട്ടിൽ വച്ച് ടാറ്റൂ ചെയ്ത്തിന് നിക്കി ജെ ഡിക്കിൻസൺ എന്ന സ്ത്രീയെ അറസ്റ്റുചെയ്തിരുന്നു.