വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം

0
52

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം. ഇന്ന് അരുണാചൽ പ്രദേശിനെതിരെ 9 വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത അരുണാചലിനെ 102 റൺസിനൊതുക്കിയ കേരളം 11ആം ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ബേസിൽ എൻപി (4 വിക്കറ്റ്), സിജോമോൻ ജോസഫ് (3 വിക്കറ്റ്) എന്നിവർ ബൗളിംഗിലും രോഹൻ കുന്നുമ്മൽ (77 നോട്ടൗട്ട്) ബാറ്റിംഗിലും കേരളത്തിനായി തിളങ്ങി. ജയത്തോടെ കേരളം ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തെത്തി.

ദുർബലരായ അരുണാചൽ പ്രദേശിന് ഒരു അവസരവും നൽകാതെയായിരുന്നു കേരളത്തിൻ്റെ കളി. 59 റൺസെടുത്ത അമ്രേഷ് രോഹിത് ഒഴികെ മറ്റാർക്കും ഇരട്ടയക്കം കടക്കാനായില്ല. 29.3 ഓവറിൽ അരുണാചലിനെ കെട്ടുകെട്ടിച്ച കേരളം നന്നായി തുടങ്ങി. പൊന്നം രാഹുലും രോഹൻ കുന്നുമ്മലും ആദ്യ വിക്കറ്റിൽ 95 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി.

30 പന്തിൽ 26 റൺസ് നേടി രാഹുൽ മടങ്ങിയെങ്കിലും വിസ്ഫോടനാത്‌മക ബാറ്റിംഗ് കെട്ടഴിച്ച രോഹൻ കേരളത്തെ അനായാസ വിജയത്തിലെത്തിച്ചു. വെറും 28 പന്തുകളിൽ 13 ബൗണ്ടറിയും 3 സിക്സറും സഹിതം 77 റൺസെടുത്ത രോഹൻ നോട്ടൗട്ടാണ്.