സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ അഫ്ഗാനിസ്ഥാനിൽ പട്ടിണി മാറ്റാനായി ഒരമ്മ സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ബാൽഖ് പ്രവശ്യയിലെ ഒരു കുടുംബം രണ്ട് വയസുള്ള തങ്ങളുടെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. കുടുംബത്തിന് പിടിച്ചുനിൽക്കാൻ ആവശ്യമായ ഭക്ഷണവും വെള്ളവും അയൽവാസികൾ എത്തിച്ചുകൊടുത്തതിനെ തുടർന്ന് കുടുംബം ഈ ശ്രമം ഉപേക്ഷിച്ചതായും ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
വീട്ടിലെ അതിദയനീയമായ അവസ്ഥ കൊണ്ടാണ് സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതെന്ന് കുട്ടിയുടെ മാതാവ് ടോളോ ന്യൂസിനോട് പറഞ്ഞു. ഞങ്ങൾ അതിദയനീയമായ അവസ്ഥയിലായിരുന്നു. ഞങ്ങൾക്ക് കഴിക്കാൻ ഭക്ഷണമോ അടുപ്പ് പുകയ്ക്കാൻ ഇന്ധനമോ ഒന്നും തന്നെയില്ല. മഞ്ഞുകാലം വരുന്നതിന് മുൻപ് എന്തെങ്കിലും കരുതണം. അതിന് കുഞ്ഞിനെ വിൽക്കുകയായിരുന്നു അവസാനത്തെ വഴി. നസ്‌റിൻ എന്ന യുവതിയുടെ വാക്കുകൾ ഇങ്ങനെ.
പട്ടിണിയും ദാരിദ്ര്യവും അതിരൂക്ഷമായ തങ്ങളുടെ പ്രദേശത്ത് പ്രാദേശിക ഭരണകൂടമോ മനുഷ്യാവകാശ സംഘടനകളോ യാതൊരുവിധ സഹായവും എത്തിക്കുന്നില്ലെന്നും നസ്‌റിൻ പറയുന്നു. കഴിഞ്ഞ ഒന്നര വർഷത്തോളമായി അവസ്ഥ വളരെ മോശമാണ്. സഹായത്തിനായി പലരോടും യാചിച്ചിട്ടുണ്ട്. അധികാരികളോട് കരഞ്ഞപേക്ഷിച്ചിട്ടുണ്ട്. എന്നിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്നും യുവതി പറയുന്നു. അഫ്ഗാനിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വേൾഡ് ഫുഡ് പ്രോഗ്രാം കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്.