വൈദ്യുത പോസ്റ്റില്‍ പതാക കെട്ടരുത്; മുന്നറിയിപ്പുമായി കെഎസ്‌ഇബി

0
143

ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് വൈദ്യുത പോസ്റ്റിൽ പതാക കെട്ടരുതെന്ന് ആരാധകർക്ക് മുന്നറിയിപ്പ് നൽകി കെഎസ്‌ഇബി. ഫുട്ബോൾ ആരാധകരുടെ ലോകകപ്പ് അലങ്കാരങ്ങളിൽ നിന്ന് വൈദ്യുത പോസ്റ്റുകളെ ഒഴിവാക്കണം. വൈദ്യുതി ലൈനിനോട് ചേർന്ന് ഇത്തരത്തിൽ കൊടിതോരണങ്ങൾ കെട്ടുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് കെഎസ്‌ഇബി ചൂണ്ടിക്കാട്ടി.

ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നൽകി. ചില സ്ഥലങ്ങളിൽ വൈദ്യുത ലൈനിൽ ഫുട്ബോൾ ടീമുകളുടെ കൊടി കെട്ടിയ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച്‌ ആണ് കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ലോകം ഫുട്ബോൾ ലഹരിയിലാണ്. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുങ്ങിക്കഴിഞ്ഞു. കേരളത്തിലും ഫുട്ബോൾ പ്രേമികൾ ആവേശത്തിമിർപ്പിൽ. ഇഷ്ട താരങ്ങളുടെ വമ്പൻ ഹോർഡിംഗുകൾ സ്ഥാപിച്ചും ഇഷ്ടടീമുകളുടെ ജേഴ്സിയണിഞ്ഞും പതാകകൾ കൊടി തോരണങ്ങളാക്കിയുമൊക്കെ ആഘോഷിക്കുകയാണ് ആരാധകർ.

ഫുട്ബോൾ ആഘോഷം മുറുകിയപ്പോൾ ചിലർ കൊടി കെട്ടിയത് വൈദ്യുതി ലൈനിൽ. വൈദ്യുതി ലൈനിനോട് ചേർന്ന് ഇത്തരത്തിൽ കൊടിതോരണങ്ങൾ കെട്ടുന്നത് എത്രത്തോളം അപകടമാണെന്ന് പറയേണ്ടതില്ലല്ലോ ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ ജാഗ്രത പുലർത്താം. അലങ്കാരങ്ങളിൽ നിന്ന് വൈദ്യുതത്തൂണുകളെ ഒഴിവാക്കാം.