തിരുവനന്തപുരം പാറശാലയിലെ ഷാരോൺ വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയെ സമീപിച്ചു. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നെന്ന് അറിയില്ലായിരുന്നുവെന്നും തങ്ങളെ പ്രതികളാക്കിയത് ഗ്രീഷ്മയെ സമ്മർദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണെന്നുമാണ് ഇവർ സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നത്. അമ്മ സിന്ധു, അമ്മാവൻ നിർമ്മലകുമാരൻ എന്നിവരാണ് ഹർജി നൽകിയത്. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ചറിഞ്ഞതെന്നും വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നുമാണ് ഇവരുടെ വാദം.
പാറശാല ഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കോളജിൽ വച്ചും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി പാരസെറ്റാമോൾ ഗുളിക കുതിർത്തു കയ്യിൽ കരുതിയിരുന്നു. ജ്യൂസിൽ കലർത്തി നൽകാനായിരുന്നു നീക്കം. ജ്യൂസ് ചലഞ്ച് ഇതിനായിരുന്നുവെന്നും ഗ്രീഷ്മയുടെ മൊഴി നൽകി. നെയ്യൂരിലെ കോളേജിൽ ഗ്രീഷ്മയെ എത്തിച്ച് ഇത് സംബന്ധിച്ച് തെളിവെടുത്തു.
ഒക്ടോബർ 25ാം തീയതിയാണ് 23കാരനായ ഷാരോൺ രാജ് എന്നയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. ബിഎസ്സി റേഡിയോളജി വിദ്യാർത്ഥിയാണ് ഷാരോൺ. 14നാണ് ഷാരോൺ പ്രോജക്ടിന്റെ ഭാഗമായാണ് കാരക്കോണത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. തുടർന്ന് ഷാരോൺ രാജ് മരിക്കുകയായിരുന്നു.
ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയെ റിമാൻഡ് ചെയ്തിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാലാണ് കോടതിയിൽ എത്തിച്ച് റിമാൻഡ് ചെയ്തത്. ഗ്രീഷ്മയുടെ ശബ്ദസാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഷാരോൺ രാജ് വധക്കേസിലെ അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തു. പരാതികളിലെ അന്വേഷണങ്ങളിൽ വീഴ്ച ആരോപണമുണ്ടായതിന് പിന്നാലെ തലസ്ഥാനത്തെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാരെയാണ് സ്ഥലമാറ്റിയത്. ആരോപണ വിധേയരായ മ്യൂസിയം, പാറശാല പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാരെയാണ് മാറ്റിയത്. പാറശാല സി ഐ ഹേമന്ദ് കുമാറിനെ വിജിലൻസിലേക്കും മ്യൂസിയം എസ് എച്ച് ഒ ധർമ്മ ജിത്തിനെ കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.